Saturday, June 5, 2010

ഓ... കഷ്ടം, പൊളിറ്റിക്സ്!!



രാഷ്ട്രീയത്തെക്കുറിച്ച് ഞാന്‍ വായിച്ച ഒരു നല്ല കാര്‍ട്ടൂണ്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അറബ് ന്യൂസ്‌ പത്രത്തില്‍ മുമ്പൊരിക്കല്‍ വന്നതാണ്.

"....they call it a 'scam' when you lie to people to get their money. When you lie to get their vote they call it 'politics'.... "

അതെ, രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ് പറയാന്‍ പോകുന്നത്. മുമ്പ് പലരും പറഞ്ഞിട്ടുണ്ട് 'രാഷ്ട്രീയത്തില്‍ ഇറങ്ങുക' എന്ന പ്രയോഗം തന്നെ എന്തോ അപകടസൂചന നല്‍കുന്ന പോലെയാണെന്ന്. 'ഇറങ്ങുക' എന്നാല്‍ ആയാസകരമായ എന്തോ ഒന്നാണല്ലോ. കിണറ്റില്‍ ഇറങ്ങുക, കടലില്‍ ഇറങ്ങുക എന്നെല്ലാം പോലെ. ബിസിനസ്സിലും ഇറങ്ങുക എന്ന് പറയും. രണ്ടു കല്പിച്ചാണ് പലരും അങ്ങനെ ചെയ്യാറ് പതിവ്. ലാഭ നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറായിക്കൊണ്ട്‌. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ ലാഭം മാത്രം കൊയ്തു കൂട്ടുന്നവരത്രേ!


"...കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍ക്ക് തുല്യം..." എന്ന ഹൈക്കോടതിയുടെ നിരീക്ഷണം സത്യസന്ദമാണ്. കാരണം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ രാഷ്ട്രീയക്കാര്‍ കിടന്നു വിളയാടുകയാണിന്നു. ജനങ്ങളെ സേവിച്ചു നന്നാക്കിക്കളയാം എന്ന അത്യാഗ്രഹം കൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉള്ള സമയം കൊണ്ട് കഴിയുന്നത്ര അഴിമതി നടത്തി സ്വന്തം നില ഭദ്രമാക്കണം എന്ന ഒറ്റ വിചാരം മാത്രമേയുള്ളൂ ഇന്നത്തെ ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും!

" ഓ അവിടത്തെ കാര്യമൊന്നും പറയണ്ടാ.... അവിടെ ഭയങ്കര പോളിറ്റിക്സാ ..." പലയിടത്തും ജോലി ചെയ്യുന്ന ആളുകളില്‍ നിന്നും നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന പരാതിയാണിത്. അപ്പോള്‍ എന്ത് മനസ്സിലായി? നന്നായി നടക്കുന്ന സ്ഥാപനങ്ങള്‍ കുളമാക്കി കുത്തുപാളയെടുപ്പിക്കാന്‍ അല്പം 'രാഷ്ട്രീയം' കളിച്ചാല്‍ മതിയല്ലോ. അത് തന്നെയാണ് ഇന്ന് നടന്നു വരുന്നതും, പലരും പ്രക്ടിസ് ചെയ്യുന്നതും.

ശരിക്കുള്ള ഇന്നത്തെ രാഷ്ട്രീയത്തെ ഒന്ന് നിരീക്ഷിക്കാം. പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം, വടം വലി, സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചരടുവലി, കുതികാല്‍വെട്ട്‌, മലക്കം മറിച്ചില്‍, പാലം വലിക്കല്‍, കൂറുമാറ്റം, പ്രസ്താവനകള്‍, ഉളുപ്പില്ലാത്ത കള്ളം, ധാര്‍ഷ്ട്യം തുടങ്ങി സകലമാന സര്‍ക്കസുകളും ഉണ്ട്. സ്വന്തമായി എന്ത് ചെയ്താലും അതെല്ലാം നല്ല കാര്യം - എന്നാല്‍ അത് തന്നെ എതിര്‍പക്ഷം ചെയ്‌താല്‍ ധിക്കാരം എന്ന് പറയാന്‍ മടിയില്ലാത്ത അഹങ്കാരികളായ നേതാക്കള്‍, അധികാരം കിട്ടി സീറ്റില്‍ ഇരിക്കേണ്ട താമസം, അഴിമതി നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന മന്ത്രിമാര്‍ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍!

കണ്ടു പിടിക്കപ്പെട്ട അഴിമതികള്‍ മാത്രമല്ലേ നമ്മള്‍ അറിയുന്നുള്ളൂ, നമ്മള്‍ കാണാത്ത, അറിയാത്ത എത്രയെത്ര അഴിമതികള്‍ ഇവര്‍ നടത്തുന്നുണ്ടാവാം.

ഇനി ജനങ്ങള്‍ വിശ്വസിച്ചു ഭരണത്തിലേറുന്ന മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ നേരമുണ്ടോ ഇന്ന്? മന്ത്രിസഭകള്‍ക്ക്‌ ജനങ്ങളുടെ, രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷമയുണ്ടോ? മുമ്പ് നടത്തിയ അഴിമതിയുടെ വ്യവഹാരങ്ങളെ എങ്ങനെ എതിര്‍ക്കാമെന്നും, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെങ്ങനെ തടയിടാമെന്നുമുള്ള ആലോചനകളില്‍ അവര്‍ സ്വന്തം ഉത്തരവാദിത്വം മറക്കുന്നു. നാടായ നാടൊക്കെ ഉദ്ഘാടനവും, വിമര്‍ശനവും, പ്രസംഗവുമൊക്കെ നടത്തി, നാടിന്റെ നന്മക്കു വേണ്ടി ചെയ്യാന്‍ കിട്ടുന്ന സംരംഭങ്ങളിലോക്കെ അഴിമതി നടത്തി അവര്‍ കാലം കഴിക്കുന്നു. പിന്നെ, അടുത്ത ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞത് മുതല്‍, നാട് മറന്ന്, ഭരണം മറന്ന്, ഉത്തരവാദിത്വം മറന്ന് സ്വന്തം പാര്‍ടിയുടെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തി‍ക്കാണിച്ച്ച് നാടെങ്ങും പ്രസംഗവും പ്രകടനങ്ങളും നടത്തി, പണം പൊടിച്ച് തയ്യാറെടുപ്പായി - ജനങ്ങള്‍ നികുതിയായി നല്‍കുന്ന പണത്തിന്റെ സിംഹഭാഗവും ഇലക്ഷന്‍ എന്ന വിരോധാഭാസത്തിനായി ! ആര്‍ക്കു വേണ്ടി?
ഇപ്പോഴത്തെ മുന്നണി മന്ത്രിസഭകളില്‍ യാതൊരു ഉളുപ്പുമില്ലാതെ സ്ഥാനം ചോദിച്ചു വാങ്ങിക്കുന്ന നേതാക്കളെ നാം കാണുന്നു. എന്നാല്‍ പിന്നെ ജനങ്ങളെ സേവിച്ചങ്ങു കാലം കഴിക്കാം എന്ന വിചാരമാണോ ഇവര്‍ക്ക്? ഒരിക്കലുമല്ല. യാതൊരു യോഗ്യതയുമില്ലാത്ത, കഴിവുമില്ലാത്ത - വെറും വാചക വീരന്മാരും, കക്കാന്‍ മാത്രമറിയുന്നവരുമായ സാക്ഷാല്‍ രാഷ്ട്രീയക്കരായി മാറിയിട്ടുള്ള നപുംസകങ്ങള്‍ മാത്രം. ഇവരെക്കൊണ്ട് ഇനിയും എത്ര കാലം സഹിക്കും നമ്മള്‍ !!

ഒരു എം.എല്‍.എ ആയി മത്സരിക്കണമെങ്കില്‍ യോഗ്യത എല്‍.എല്‍.‍ ബി. യോ, മിനിമം ഒരു ബിരുധമെന്കിലുമൊ നിര്‍ബന്ധമാക്കേണ്ടാതാണ്. അതില്ലാത്തവര്‍ പാര്‍ടിയുടെ നേതൃ സ്ഥാനത്തിരിക്കട്ടെ. അല്ലാതെ, ഓരോ അഞ്ചു വര്‍ഷവും മന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന, ഇരിക്കണമെന്ന വാശി നല്ലതല്ല.

നമുക്കൊരു ആരംഭം കുറിക്കാം. രാഷ്ട്രീയക്കാരെ കഴിവതും ബഹിഷ്കരിച്ച്ചുകൊണ്ട്...

No comments:

Post a Comment