Wednesday, June 6, 2012

മാറുന്ന കുപ്പായം....


ഞാനൊരു ക്രിക്കറ്റ് ആരാധകനല്ല. കളിയോട് വിരോധമൊന്നുമില്ല. വല്ലപ്പോഴും കാണാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യ - പാക്‌ ഏകദിന ഫൈനലുകള്‍ - അത്രമാത്രം.

ചെറുപ്പ കാലം തൊട്ടു കേട്ടു ശീലിച്ചതു കൊണ്ടോ മറ്റോ ആണെന്നു തോന്നുന്നു അന്നും, ഇന്നും എന്റെ മനസ്സിലെ താരങ്ങള്‍ കപില്‍ദേവ്, ഗാവസ്കര്‍, രവി ശാസ്ത്രി, ചേതന്‍ ശര്‍മ, ശ്രീകാന്ത് തുടങ്ങിയവരാണ്. പിന്നെപ്പിന്നെ സച്ചിന്‍ എന്ന പേരും ഉയര്‍ന്നു വന്നു.

സായിപ്പ് അവരുടെ നാട്ടിലെ കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാനും, ശരീരം ചൂടാക്കാനും ഉള്ള ഉപാധികളിലൊന്നായി കണ്ടു പിടിച്ച
വലിയ ലോജിക് ഒന്നുമില്ലാത്ത  ഈ കളി, വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും വേനലിന്റെ പിടിയിലമരുന്ന മൂന്നാം ലോക ഉഷ്ണ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക,  ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തിയതെങ്ങനെയാണാവോ ? വേനലിന്റെ തീഷ്ണതയില്‍ കൊടും വെയിലത്ത് ഒരു പന്തിന്റെ പിന്നാലെ കുറെ പേര്‍ പായുന്ന ഈ ഏര്‍പ്പാടിന് ഇന്ന് കാണുന്ന പത്രാസും, ആഡംബരത്വവുമൊക്കെ എങ്ങനെ കൈ വന്നു എന്നതും ഇവിടെ പ്രസക്തമല്ല.

എന്റെ വിഷയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത് ശരിയോ എന്നുള്ളതാണ്.


ലോകം അറിയുന്ന, സല്‍സ്വഭാവത്തിന്നുടമയായ തലക്കനമില്ലാത്ത ഒരുത്തമ ക്രിക്കറ്റ് കളിക്കാരന്‍, മാന്യന്‍, ശത സെഞ്ച്വറിക മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ ടെസ്റ്റു ക്രിക്കറ്റില്‍ തികച്ച ഒരേയൊരു കളിക്കാരന്‍, ക്രിക്കറ്റ് പ്രേമികളുടെ അഭിമാനം, ഇന്ത്യയുടെ യശസ്സ് ലോകജനതക്കു മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ - താന്‍ ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്ന തായിപ്പോയി ഈയൊരു പ്രവൃത്തിയിലൂടെ ചെയ്തത് എന്നേ ഞാന്‍ പറയൂ. ഇനി മുതല്‍ സച്ചിനും ഒരു രാഷ്ട്രീയക്കാരന്റെ നിലവാരമേ ആളുകള്‍ കല്‍പ്പിക്കൂ എന്ന് തോന്നുന്നു.

തന്റെ ലോകം ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടും, കഴിവില്‍ വിശ്വാസമുള്ളതിനാലും, ആരാധകരുടെ സഹകരണവും കൊണ്ടാണല്ലോ സച്ചിന്‍ എന്ന പ്രതിഭാസം ഇതു വരെ ശ്രദ്ധാകേന്ദ്രമായി നില കൊണ്ടത്. കൊയ്തെടുത്ത നേട്ടങ്ങളൊന്നും പോരാ, ഇനി ഒരു രാജ്യസഭാംഗം എന്ന പേരില്‍ ചുളുവില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളിലേക്ക് കൂടി നോട്ടം വച്ചു എന്നത് കൊണ്ട് മാത്രം സച്ചിന്റെ വില വളരെ കുറഞ്ഞു പോയി. പകരം, ഈ ബഹുമതി സന്തോഷ പൂര്‍വ്വം നിരസിച്ചിരുന്നെങ്കില്‍ സച്ചിന്റെ മഹിമ ഉയര്‍ന്നേനെ.

പഴയ കളിക്കാരൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നാം കാണുന്നു. സച്ചിനോ ?

വെറുതെ കിട്ടിയാല്‍ വൈക്കോലും കൊള്ളാം...

ഇനി അതല്ല, തന്റെ കഴിവുകള്‍ രാഷ്ട്ര സേവനത്തിനായി ശേഷിച്ച കാലം വിനിയോഗിക്കാനാണ് സച്ചിന്‍ ഉദ്ദേശിച്ചതെങ്കില്‍ എന്റെ വാക്കുകളെ ഞാന്‍ തള്ളിക്കളയുന്നു

Monday, June 4, 2012

"Six Pack" Gandhiji

 
രാഷ്ട്ര പിതാവിന്റെ സാക്ഷാല്‍ ചിത്രം ടി വി യില്‍ കണ്ടു ചെറിയ മകന്‍ ചോദിച്ചു "....അഛാ, ഗാന്ധിജിക്കും six packs ആയിരുന്നോ ....? (എന്താണ് six packs എന്ന് ഈയിടെയാണവനു മനസ്സിലായത്. "ഗജിനി" തുടങ്ങിയ സിനിമകള്‍ പല തവണ കണ്ടതിനു ശേഷം. കൂട്ടത്തില്‍ ആമിര്‍ ഖാന്റെ വലിയ fan ആവുകയും ചെയ്തു ആള്‍‍).
ചോദ്യം കേട്ട്, ഭാര്യയും ഞാനും ശരിക്കും ഞെട്ടി! ഒപ്പം ചിരിയും വന്നു.
"...മോനേ, ഗാന്ധിജിയുടെ വയറ്റില്‍ കണ്ടത് six packs അല്ല, അത് ഈ ലോകത്തിന്റെ അവകാശികള്‍ ഞങ്ങള്‍ മാത്രം എന്ന് എപ്പോഴും അവകാശപ്പെടുന്ന സായിപ്പിന്റെ കടന്നാക്രമണത്തില്‍ നിന്നും, അടക്കി ഭരണത്തില്‍ നിന്നും ഭാരതപൌരന്മാരെ എന്നെന്നേക്കും രക്ഷിക്കാന്‍ പ്രതിജ്ഞഎടുത്ത, അതിനു വേണ്ടി തന്റെ ജീവിതം മുഴുവനായും ഹോമിച്ചു തീര്‍ത്ത ഒരുത്തമ ഭാരത പൌരന്റെ ത്യാഗത്തിന്റെയും, സഹനതകളുടെയും, നിരാഹാര സമരങ്ങളുടെയും വ്യക്തമായ മുദ്രകളാണ്. ഗാന്ധിജിയോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യത്തിനായി പൊരുതിയ അസന്ഖ്യം വീരരുടെയെല്ലാം വയര്‍ അങ്ങനെ ഒട്ടിയതായിരുന്നു. അല്ലെങ്കില്‍, മകന്റെ ഭാഷയില്‍ പറഞ്ഞാല്‍ "six packs ". ആ വയറുകളൊന്നും നിറഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വീര്‍ത്തിരുന്നില്ല. അവര്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! അവരുടെയൊക്കെ ഭാഷ ലളിതമായിരുന്നു, നിശ്ചയം ദൃഡമായിരുന്നു, വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു.
 
കാലം മാറി, കഥ മാറി, ആകെ നാറി! ഇന്നത്തെ നേതാക്കള്‍ക്ക് six packs ഇല്ല, കുടവയര്‍ മാത്രം. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അതിസമ്പന്നതയുടെ നിറവയര്‍ മാത്രം. ജനതയുടെ സഹനത കൊള്ളയടിച്ച്, ഗീര്‍വാണവും വിട്ടുകൊണ്ട്, കള്ളം മാത്രം പറഞ്ഞു, കളവു മാത്രം ചെയ്തു ജനങ്ങളെ സേവിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണെല്ലാ രാഷ്ട്രീയക്കാരും. മന്ത്രിയാകാന്‍ എന്തെങ്കിലും യോഗ്യത വേണോ നമ്മുടെ നാട്ടില്‍. എന്താ യോഗ്യത വേണ്ടേ ? ഇഷ്ടം പോലെ പാര്‍ടിയുണ്ടാക്കി, ആരുടെ കൂടെ വേണമെങ്കിലും കൂട്ടു കൂടി, നേതാവായി സ്വയം പ്രഖ്യാപിച്ചു "മന്ത്രിയാകാന്‍ ഞാന്‍ തയ്യാര്‍, എനിക്ക് ജനങ്ങളെ സേവിക്കാന്‍ മുട്ടിയിട്ടു വയ്യാ, എന്നെ മന്ത്രിയാക്കൂ.... എന്ന് മുറവിളി കൂട്ടുന്ന ഇവറ്റകളൊക്കെ മന്ത്രിപദതിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ കാര്യം ഭദ്രം!
 
ഇനി ഒരു യഥാര്‍ത്ഥ six pack മായി ഗാന്ധിജി പുനരവതരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!!
 

Sunday, February 26, 2012

വാലന്‍ന്റൈന്‍ പീഡനം!

ജിദ്ദയില്‍ ഞങ്ങള്‍ താമസിക്കുന്ന കോമ്പൌണ്ടില്‍ വന്നു കൂടിയ സുന്ദരി പ്പൂച്ചയെ  (ഏതോ സൌദിയുടെ വീട്ടിലെ ആദിത്യ മര്യാദയില്‍ മനം നൊന്തിട്ടാവണം ഈ വേലിചാട്ടം) അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഏതോ അധസ്ഥിത വര്‍ഗം ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നു - അതും പ്രണയത്തിന്റെ പ്രിയമേറുന്ന ഓര്‍മ്മകള്‍ വിടര്‍ത്തുന്ന വാലന്‍ന്റൈന്‍ ദിനത്തില്‍!!!!

ഈയടുത്ത കാലത്താള്‍ വന്നത്. നല്ല വിലയുള്ള ഇനമാണെന്ന് കണ്ടവരൊക്കെ പറഞ്ഞു. മാര്‍കെറ്റില്‍ കൊണ്ട് പോയിക്കൊടുത്താല്‍ നല്ല വില കിട്ടുമെന്ന് ചിലര്‍. ഏതായാലും ഇങ്ങോട്ട് വന്ന അവളെ ആര്‍ക്കാനും വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഭക്ഷണമൊന്നും അധികം കഴിക്കാത്ത പ്രകൃതമായിരുന്നൂ സുന്ദരിക്ക്. ഇനി സ്ലിം ബ്യൂട്ടി   ആയി തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നോ  എന്നും അറിയില്ല. അങ്ങനെ സുന്ദരിപ്പൂച്ച രാജകീയമായി ഞങ്ങളോടൊപ്പം താമസിച്ചു വരികെയാണ്, വീണ്ടുമൊരു വലന്‍ന്റൈന്‍ ദിനം സമാഗതമായാത്. അത് ഇത്ര ആഴത്തിലുള്ള അര്‍ത്ഥങ്ങളുള്ള ഒരു ദിനമായി മാറുമെന്നു സ്വപ്നേപി കരുതിയില്ല.

അവര്‍ രണ്ടു പേരുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ അവളെ ലക്ഷ്യമിട്ട് പിന്തുടരുകയും, വല്ലാതെ ബുദ്ധി മുട്ടിക്കുകയും ചെയ്തു കൊണ്ടിരുന്നു. വലിയ മരത്തിന്റെ ഉയരമുള്ള കൊമ്പിലേക്ക് വലിഞ്ഞു കയറിയപ്പോള്‍ അനുസരണയുള്ള കുട്ടികളെപ്പോലെ പുരുഷന്മാര്‍ രണ്ടു പേരും താഴെ കാവലിരുന്നു. ശീലമില്ലാത്ത മരത്തിന്റെ കൊമ്പിലെ ഇരിപ്പ്  മടുത്ത് പെണ്ണ് ചാടി ഓടിയപ്പോള്‍ പിന്നാലെ വച്ച് പിടിച്ചും ഒക്കെ അവര്‍ കലാ പരിപാടി തുടര്‍ന്ന് കൊണ്ടേയിരുന്നു. ക്രൂരത സഹിക്ക വയ്യാതെ ഒരിക്കല്‍ അവള്‍ കോമ്പൌണ്ടിന്റെ വലിയ മതില്‍ ചാടിക്കടന്നു പുറത്തെ റോഡിലൂടെ എവിടെയൊക്കെയോ ആത്മരക്ഷാര്തം ഓടിയൊളിക്കാന്‍ വിഫല ശ്രമം നടത്തിയിരുന്നു. ഞാനുള്ളപ്പോഴൊക്കെ വലിയ കല്ലുകളെടുത്തു ദുഷ്ടന്മാരെ എറിഞ്ഞു ഓടിക്കാറുണ്ടായിരുന്നെങ്കിലും, എപ്പോഴും എനിക്ക് ഇത് മാത്രം നോക്കിയിരിക്കാനാവുമോ. 

കഴിഞ്ഞ ദിവസം, ഞാന്‍ പുറത്തു കാറ് കഴുകി ക്കൊണ്ടിരിക്കുമ്പോള്‍ ഇപ്പറഞ്ഞ രണ്ടു കാലമാടന്മാര്‍ സുന്ദരിയെ ഇട്ടു വട്ടം കറക്കുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ് ഞാന്‍. ഉയര്‍ന്ന മതിലിനു മുകളില്‍ പിടിപ്പിച്ച കമ്പി കൊണ്ടുള്ള കൂര്‍ത്ത ഗ്രില്ലിലൂടെ വളരെ ബുദ്ധി മുട്ടി പ്രാണനും കൊണ്ടോടുന്ന അവള്‍ നിന്ന് അതിധാരുണമായി എന്നെ നോക്കി. നോക്കിയപ്പോള്‍ രണ്ടു പാണ്ടന്മാരും തൊട്ടു പികിലായുണ്ട്. കല്ലെടുത്തെറിഞ്ഞെങ്കിലും കാമ ഭ്രാന്ത്‌ തലയില്‍ കയറിയ അവര്‍ക്കുണ്ടോ വല്ല കൂസലും. വല്ലാതെ അടുത്തെത്തിയപ്പോള്‍ സുന്ദരി ജീവന്‍ കയ്യിലെടുത്ത് മതിലിനു മുകളില്‍ നിന്നും ചാടിയോടി കാട്ടുചെടികള്‍ തിങ്ങി നിറഞ്ഞ ഒരു മൂലയിലെക്കോടിയൊളിച്ചെന്നു തോന്നുന്നു. പിന്നീട്, വൈകിയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്, പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല... പൂവാലന്മാരെയും! രാത്രി ഭക്ഷണം കഴിക്കാനെങ്കിലും വരേണ്ടതാണ്. പക്ഷെ അതുമുണ്ടായില്ല! എവിടെയെക്നിലും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നു  കരുതി സമാധാനിച് ഞാന്‍ ഉറങ്ങാന്‍ കിടന്നു....

പിറ്റേന്ന് രാവിലെ, പതിവ് പോലെ പല്ല് തെച്ചുകൊണ്ട്, മുറ്റത്തേക്കിങ്ങിയതും ദാ പിന്നില്‍ നിന്നും വരുന്നൂ അവള്‍..... കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. മേലാകെ കരി പുരണ്ട്, വയറൊട്ടി വല്ലാതെ അവശയായാണ് വരവ്. കണ്ട പാടെ എനിക്ക് കാര്യം പിടി കിട്ടി. അതി ക്രൂരമായ പീഡനത്തിന്   വിധേയയാവള്‍ ! ദുഷ്ടന്മാര്‍!!! യാതൊരു ദയാ ധാക്ഷിണ്യവും അവളാ സുന്ദരിയോട്‌ കാണിച്ചില്ല! രണ്ടു പേരും മാറി മാറി അവളെ.... ഹോ! ഓര്‍ക്കാന്‍ തന്നെ വയ്യ! 
അല്ലെങ്കിലും കാമ ഭ്രാന്ത് പിടിച്ചവര്‍ എവിടെയും അങ്ങനെതന്നെയാണല്ലോ.... അവര്‍ക്കുണ്ടോ വാലന്‍ന്റൈന്‍ ദിനം!