Saturday, May 25, 2013

ജഗദീഷിന് ഒരു തുറന്ന കത്ത്...


മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വിതരണം താങ്കൾ ഏറ്റെടുത്തതിൽ ഞങ്ങൾ കുറേപ്പേരെങ്കിലും തികഞ്ഞ ആവലാതിയിലാണ്. കാരണം മറ്റൊന്നുമല്ല, ഞെക്കിപ്പിഴിഞ്ഞു വരുത്തേണ്ട ഒന്നല്ല ഹാസ്യം എന്നത് പ്രധാനമായതുകൊണ്ടും പിന്നെ സാന്ദര്ഭികമായി കേള്ക്കുമ്പോഴോ കാണുമ്പോഴോ ഒക്കെ മാത്രമേ ഹാസ്യം അതിന്റെ പൂര്ണമായ രൂപത്തിൽ ആസ്വാദന മാവുകയുള്ളൂ എന്നത് പരമ പ്രധാനമായാത് എന്നുള്ളതും കൊണ്ടൊക്കെ തന്നെ.
 
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ഹാസ്യ പരിപാടി ഏറ്റെടുത്ത് നടത്തി വരികയാണല്ലോ താങ്കൾ കഴിഞ്ഞ കുറെ വര്ഷങ്ങളായി. ആദ്യമാദ്യമൊക്കെ നിലവാരം പുലര്ത്തിയിരുന്ന പ്രസ്തുത പരിപാടി പിന്നെപ്പിന്നെ തറ നിലവാരത്തിലേക്ക് കൂപ്പു കുത്തിയപ്പോഴും കാണാൻ വിധിക്കപ്പെട്ട കേരളത്തിലെ പൊതുജനങ്ങള്ക്ക് പുറമേ, പങ്കെടുക്കുന്ന കലാകാരന്മാർക്കു വരെ താല്പ്പര്യമില്ലാത്ത അവസ്ഥ വരെ സംജാതമായപ്പോൾ ഏഷ്യാനെറ്റിനോടുള്ള ഉത്തരവാദിത്ത്വത്തിന്റെ പേരിൽ മാത്രം തുടരുവാൻ നിര്ബന്ധിതരായ പ്പോഴും ഈ പരിപാടി എന്തുകൊണ്ട് ഫൈനലിൽ എത്തുന്നില്ല അല്ലെങ്കിൽ എത്തിക്കുന്നില്ല എന്ന് ഞങ്ങൾ പലവട്ടം അത്ഭുതപ്പെട്ടിട്ടുണ്ട് എന്ന കാര്യം അറിയിക്കാട്ടെ. അവസാനം മൂന്നു മൂന്നരക്കൊല്ലത്തിന്റെയൊടുവിൽ ഫൈനൽ നടത്തിയപ്പോൾ അതിലും താങ്കളുടെ വളഞ്ഞ സ്വാധീനം കഴിവുള്ള ടീമുകളെ തഴഞ്ഞു മറ്റുള്ളവര്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ താങ്കളിലുള്ള വിശ്വാസം പാടേ അസ്തമിച്ചു.


ഇതിനിടയിൽ സ്വതവേ കൌശല ക്കാരനായ താങ്കൾ മറ്റൊരു സൂത്രവുമൊപ്പിച്ചു. ആദ്യത്തെ സ്റ്റാർസിനെ തിരഞ്ഞെടുക്കുന്ന ഫൈനൽ മത്സരം വരുന്നതിനു മുമ്പു തന്നെ നിങ്ങൾ "സൂപ്പർ കോമഡി" എന്ന പേരിൽ രണ്ടാമതും ഒരു തറ കോമഡി ഷോ തുടങ്ങി വച്ചു മനുഷ്യനെ കൊല്ലാക്കൊല ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ പഴയ വലിപ്പിനോരു രണ്ടാം കാലവും!! (season 2).
 
കുറ്റം പറയരുതല്ലോ, സിനിമയിലോ വേഷങ്ങളൊന്നും കാര്യമായില്ല! പിന്നെ വാദ്ധ്യാരു പണി (അത് ചെയ്തിരുന്നോ ആവോ?) യിൽ നിന്നും പിരിയുകയും ചെയ്തു. അപ്പോൾ പിന്നെ നിത്യവും ആളുകളുടെ മുമ്പിൽ പ്രത്യേകിച്ചു ചിലവൊന്നും കൂടാതെ മുഖം കാണിക്കാൻ കിട്ടുന്ന അവസരം - അതും സാമാന്യം ഭേദപ്പെട്ട വരുമാനത്തോടെ - വെറുതെയെന്തിനു പാഴാക്കണം അല്ലേ? ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന താങ്കൾക്ക് ആവശ്യമുള്ളപ്പോൾ പോലും ചിരിക്കാത്ത ഒരു പ്രൊഡ്യൂസറുടെ കൂട്ടും നല്ല വളമായിരുന്നു! ഫലമോ? കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വന്നു. ഈ വളിപ്പിനൊരവസാനമില്ലേ എന്ന് കണ്ടവർ കണ്ടവർ പറഞ്ഞു തുടങ്ങി.
 
ഞങ്ങൾ പ്രേക്ഷകർ നല്ല കോമഡിയെ ഇഷ്ടപ്പെടുന്നവരാണ്. ഉദാ: കൈരളിയിൽ കെ. എസ്. പ്രസാദിന്റെ "കോമഡിയും മിമിക്സും പിന്നെ ഞാനും", ഇപ്പോൾ മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന "കോമഡി ഫെസ്റിവൽ" പിന്നെ ജയരാജ്‌ വാര്യർ, രമേഷ്‌ പിഷാരടി തുടങ്ങിയ വർ തന്നെ ഞങ്ങള്ക്ക് ധാരാളം. അതിനിടയിൽ ഓണത്തിനിടയ്ക്കു പുട്ടുകച്ച്ചവടം എന്നെ കണക്കെ താങ്കളും മറ്റും പടച്ചു വിടുന്ന കോമഡി പ്രഹസനം കണ്ടു ഞങ്ങള്ക്ക് ചിരിയല്ല മറിച്ച് കരച്ചിലാണ് വരുന്നത് എന്നറിയിച്ചു കൊള്ളട്ടെ. 
 
കൂട്ടത്തിൽ ഒരു പ്രത്യേക കാര്യം താങ്കളുടെ സമക്ഷത്തിലേക്ക് ഉണര്തിക്കട്ടെ: "എനിക്ക് ശേഷം പ്രളയം" എന്ന ചിന്തയാണോ താങ്കള്ക്കും? സിനിമ എന്നൊരു വ്യവസായത്തിലൂടെ പേരെടുത്ത ഒരു വ്യകതിയാണല്ലോ താങ്കളും.സിനിമയിൽ സാന്ദർഭികമായി വരുന്ന - കാണുന്ന- കേള്ക്കുന്ന- തമാശകളുടെ ഒരു രസം, സുഖം, ഒന്ന് വേറെ തന്നെയാണെന്ന് ഞാൻ പറയാതെ തന്നെയറിയാമെന്നു കരുതുന്നു. താങ്കൾ ഇങ്ങനെ കോമഡി പൊറാട്ടു നാടകം പടച്ചു വിട്ട് അതിലെ മത്സരാർഥികൾ രാവും പകലും ഉറക്കമിളച്ച് പടച്ചു വിടുന്ന തമാശകളിൽ വല്ലപ്പോഴും ചില നല്ല തമാശകളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അത് കേട്ട് ആളുകള് ചിര്ക്കാറുമുണ്ട്. പക്ഷേ, ഈയൊരു പ്രവൃത്തിയിലൂടെ താങ്കൾ ചെയ്യുന്നത് ഇനി ഭാവിയിൽ വരാനിരിക്കുന്ന അനേകം സിനിമകള്ക്ക് ഹാസ്യദാരിദ്ര്യമാണ് എന്ന് ഓര്മിപ്പിച്ചു കൊള്ളട്ടെ.അല്ലാതെ മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വ്യാപാരം ഏറ്റെടുക്കാനുള്ള താങ്കളുടെ പദ്ധതി അതിന്റെ ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് താങ്കളോട് തോന്നുന്നത് ഒന്നു മാത്രം - സഹതാപം. ഇനിയെങ്കിലും 'ഹാസ്യം' എന്ന പേരിലുള്ള ഈ 'കാക്ക കാഷ്ടം' ജനങ്ങളുടെ മേൽ തെറിപ്പിക്കാതെ!!!