Sunday, February 26, 2012

വാലന്‍ന്റൈന്‍ പീഡനം!

ജിദ്ദയില്‍ ഞങ്ങള്‍ താമസിക്കുന്ന കോമ്പൌണ്ടില്‍ വന്നു കൂടിയ സുന്ദരി പ്പൂച്ചയെ  (ഏതോ സൌദിയുടെ വീട്ടിലെ ആദിത്യ മര്യാദയില്‍ മനം നൊന്തിട്ടാവണം ഈ വേലിചാട്ടം) അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഏതോ അധസ്ഥിത വര്‍ഗം ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നു - അതും പ്രണയത്തിന്റെ പ്രിയമേറുന്ന ഓര്‍മ്മകള്‍ വിടര്‍ത്തുന്ന വാലന്‍ന്റൈന്‍ ദിനത്തില്‍!!!!

ഈയടുത്ത കാലത്താള്‍ വന്നത്. നല്ല വിലയുള്ള ഇനമാണെന്ന് കണ്ടവരൊക്കെ പറഞ്ഞു. മാര്‍കെറ്റില്‍ കൊണ്ട് പോയിക്കൊടുത്താല്‍ നല്ല വില കിട്ടുമെന്ന് ചിലര്‍. ഏതായാലും ഇങ്ങോട്ട് വന്ന അവളെ ആര്‍ക്കാനും വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഭക്ഷണമൊന്നും അധികം കഴിക്കാത്ത പ്രകൃതമായിരുന്നൂ സുന്ദരിക്ക്. ഇനി സ്ലിം ബ്യൂട്ടി   ആയി തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നോ  എന്നും അറിയില്ല. അങ്ങനെ സുന്ദരിപ്പൂച്ച രാജകീയമായി ഞങ്ങളോടൊപ്പം താമസിച്ചു വരികെയാണ്, വീണ്ടുമൊരു വലന്‍ന്റൈന്‍ ദിനം സമാഗതമായാത്. അത് ഇത്ര ആഴത്തിലുള്ള അര്‍ത്ഥങ്ങളുള്ള ഒരു ദിനമായി മാറുമെന്നു സ്വപ്നേപി കരുതിയില്ല.

അവര്‍ രണ്ടു പേരുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ അവളെ ലക്ഷ്യമിട്ട് പിന്തുടരുകയും, വല്ലാതെ ബുദ്ധി മുട്ടിക്കുകയും ചെയ്തു കൊണ്ടിരുന്നു. വലിയ മരത്തിന്റെ ഉയരമുള്ള കൊമ്പിലേക്ക് വലിഞ്ഞു കയറിയപ്പോള്‍ അനുസരണയുള്ള കുട്ടികളെപ്പോലെ പുരുഷന്മാര്‍ രണ്ടു പേരും താഴെ കാവലിരുന്നു. ശീലമില്ലാത്ത മരത്തിന്റെ കൊമ്പിലെ ഇരിപ്പ്  മടുത്ത് പെണ്ണ് ചാടി ഓടിയപ്പോള്‍ പിന്നാലെ വച്ച് പിടിച്ചും ഒക്കെ അവര്‍ കലാ പരിപാടി തുടര്‍ന്ന് കൊണ്ടേയിരുന്നു. ക്രൂരത സഹിക്ക വയ്യാതെ ഒരിക്കല്‍ അവള്‍ കോമ്പൌണ്ടിന്റെ വലിയ മതില്‍ ചാടിക്കടന്നു പുറത്തെ റോഡിലൂടെ എവിടെയൊക്കെയോ ആത്മരക്ഷാര്തം ഓടിയൊളിക്കാന്‍ വിഫല ശ്രമം നടത്തിയിരുന്നു. ഞാനുള്ളപ്പോഴൊക്കെ വലിയ കല്ലുകളെടുത്തു ദുഷ്ടന്മാരെ എറിഞ്ഞു ഓടിക്കാറുണ്ടായിരുന്നെങ്കിലും, എപ്പോഴും എനിക്ക് ഇത് മാത്രം നോക്കിയിരിക്കാനാവുമോ. 

കഴിഞ്ഞ ദിവസം, ഞാന്‍ പുറത്തു കാറ് കഴുകി ക്കൊണ്ടിരിക്കുമ്പോള്‍ ഇപ്പറഞ്ഞ രണ്ടു കാലമാടന്മാര്‍ സുന്ദരിയെ ഇട്ടു വട്ടം കറക്കുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ് ഞാന്‍. ഉയര്‍ന്ന മതിലിനു മുകളില്‍ പിടിപ്പിച്ച കമ്പി കൊണ്ടുള്ള കൂര്‍ത്ത ഗ്രില്ലിലൂടെ വളരെ ബുദ്ധി മുട്ടി പ്രാണനും കൊണ്ടോടുന്ന അവള്‍ നിന്ന് അതിധാരുണമായി എന്നെ നോക്കി. നോക്കിയപ്പോള്‍ രണ്ടു പാണ്ടന്മാരും തൊട്ടു പികിലായുണ്ട്. കല്ലെടുത്തെറിഞ്ഞെങ്കിലും കാമ ഭ്രാന്ത്‌ തലയില്‍ കയറിയ അവര്‍ക്കുണ്ടോ വല്ല കൂസലും. വല്ലാതെ അടുത്തെത്തിയപ്പോള്‍ സുന്ദരി ജീവന്‍ കയ്യിലെടുത്ത് മതിലിനു മുകളില്‍ നിന്നും ചാടിയോടി കാട്ടുചെടികള്‍ തിങ്ങി നിറഞ്ഞ ഒരു മൂലയിലെക്കോടിയൊളിച്ചെന്നു തോന്നുന്നു. പിന്നീട്, വൈകിയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്, പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല... പൂവാലന്മാരെയും! രാത്രി ഭക്ഷണം കഴിക്കാനെങ്കിലും വരേണ്ടതാണ്. പക്ഷെ അതുമുണ്ടായില്ല! എവിടെയെക്നിലും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നു  കരുതി സമാധാനിച് ഞാന്‍ ഉറങ്ങാന്‍ കിടന്നു....

പിറ്റേന്ന് രാവിലെ, പതിവ് പോലെ പല്ല് തെച്ചുകൊണ്ട്, മുറ്റത്തേക്കിങ്ങിയതും ദാ പിന്നില്‍ നിന്നും വരുന്നൂ അവള്‍..... കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. മേലാകെ കരി പുരണ്ട്, വയറൊട്ടി വല്ലാതെ അവശയായാണ് വരവ്. കണ്ട പാടെ എനിക്ക് കാര്യം പിടി കിട്ടി. അതി ക്രൂരമായ പീഡനത്തിന്   വിധേയയാവള്‍ ! ദുഷ്ടന്മാര്‍!!! യാതൊരു ദയാ ധാക്ഷിണ്യവും അവളാ സുന്ദരിയോട്‌ കാണിച്ചില്ല! രണ്ടു പേരും മാറി മാറി അവളെ.... ഹോ! ഓര്‍ക്കാന്‍ തന്നെ വയ്യ! 
അല്ലെങ്കിലും കാമ ഭ്രാന്ത് പിടിച്ചവര്‍ എവിടെയും അങ്ങനെതന്നെയാണല്ലോ.... അവര്‍ക്കുണ്ടോ വാലന്‍ന്റൈന്‍ ദിനം!