Tuesday, November 23, 2010

സഹവാസം


നാട്ടില്‍ പോകാന്‍ ഇനി എത്ര ദിവസമുണ്ടച്ഛാ ?


ചെറിയ മകന്റെ ചോദ്യം ദിനേന ആവര്‍ത്തിക്കുമ്പോള്‍ വിരസത തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ പറയും


" ഇനി ഒരാഴ്ച കൂടിയേ ഒള്ളൂ മോനെ...."


അവന്റെ ആവേശത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു.


കുറേ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ആ ദിനം വന്നെത്തി. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കൊടുവിലുള്ള യാത്ര മകനു മാത്രമല്ല, മകള്‍ക്കും ആവേശമായിരുന്നെങ്കിലും അവള്‍ അത് പ്രകടിപ്പിച്ചതേയില്ല.


ജിദ്ദയിലെ വിരസമായ ദിനരാത്രങ്ങള്‍ക്കും, സ്കൂള്‍ തുറക്കുന്നത് മുതല്‍ തുടങ്ങി, ക്ലാസ്സ്‌ തീരുന്നത് വരെ ഒന്നിന് മീതെ മറ്റൊന്നായി തുടരുന്ന പരീക്ഷണങ്ങള്‍ക്കുമൊടുവില്‍, ഒന്നര മാസം മുമ്പേ വാങ്ങിച്ചു വെച്ച എയര്‍ ഇന്ത്യടിക്കറ്റുമായി യാത്ര തുടങ്ങി. സമയനിഷ്ഠ തീരെയില്ലാത്ത എയര്‍ ഇന്ത്യയെ മാത്രം കുറ്റം പറഞ്ഞാല്‍ അത് പക്ഷപാതപരമായിപ്പോവും.


".... ടിക്കറ്റ്‌ എന്റെ കയ്യിലല്ലേ, പിന്നെങ്ങനെ തീവണ്ടി പോവും..." എന്ന് പണ്ടൊരാള്‍ പറഞ്ഞത് പോലെ, വൈകിയേ എത്തൂ എന്ന് നിര്‍ബന്ധമുള്ള യാത്രക്കരുണ്ടായാലും വിമാനം വൈകും.

പൊതുവേ വൈകിയുറങ്ങുന്ന ജെദ്ദ നഗരത്തില്‍ റംസാന്‍ മാസം വരുന്നതോടെ പകല്‍ രാത്രിയും രാത്രി പകലുമാകുന്നതിനാല്‍ ഉറക്കത്തിനു താളപ്പിഴകള്‍ വരുന്നു. യാത്ര ഇതോടനുബന്ധിച്ച്ചാകയാല്‍ നാട്ടില്‍ ചെന്ന ദിവസം രാത്രി എല്ലാവരും ഉറങ്ങാന്‍ പോയപ്പോള്‍ ഞങ്ങളും നിര്‍ബന്ദിതരായി, കൂട്ടത്തില്‍ യാത്രാക്ഷീണവും. കിടന്നയുടനെ എല്ലാവരും ഉറക്കത്തിന്റെ പിടിയിലമര്‍ന്നു. സുഖനിദ്ര.

എപ്പോഴോ ഉറക്കത്തിന്റെ ഇഴകള്‍ പോട്ടിപ്പോകുന്നതായറിഞ്ഞു. തോന്നലാകാം, തിരിഞ്ഞു കിടന്നു; മറിഞ്ഞു കിടന്നു; ഇല്ല ഉറക്കം അകന്നു തുടങ്ങിയിരിക്കുന്നു. അധികം അങ്ങനെ കിടക്കാനായില്ല. കണ്ണ് തുറന്നു ജനലിന്നു നേരെ നോക്കി. ഇല്ല നേരം തീരെ വെളുത്തിട്ടില്ല. പുറത്തു കൂരിരുട്ടു തന്നെ.


പ്ലഗ്ഗില്‍ ഇരിക്കുന്ന Good - nite  ന്റെ അരണ്ട വെളിച്ചത്തില്‍ മക്കളെയും ഭാര്യയെയും നോക്കിയപ്പോള്‍ എല്ലാവരും കണ്ണ് തുറന്നു കിടക്കുകയാണ്. ഞാന്‍ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മകന്റെ വക ഒരു ചിരിയും ചോദ്യവും "... അച്ഛന്റെയും ഉറക്കം കഴിഞ്ഞോ അഛാ ..!!!" അമ്മയുടെ മേലേക്കൂടെ മറിഞ്ഞു അവന്‍ എന്റെയരികില്‍ എത്തി.

".... ഏട്ടാ, വിശക്കുന്നു...." ഭാര്യ.


മക്കളും അതേറ്റു പിടിച്ചു.

എനിക്കും വിശക്കുന്നുണ്ടായിരുന്നു. സമയം നോക്കിയപ്പോള്‍ അമ്പരന്നു. മണി മൂന്നു കഴിഞ്ഞതേയുള്ളൂ! വിശ്വസിക്കാനായില്ല. അതെങ്ങനാ, എട്ടു മണിക്ക് കയറി കതകടച്ച്ചു കിടന്നാല്‍ പിന്നെ.


ഇവിടെയാവുമ്പോള്‍ രാത്രി പന്ത്രണ്ടിനും ഒന്നിനുമൊക്കെ കിടന്നാലും, അതിരാവിലെ അഞ്ചര മണിക്കെഴുന്നേറ്റു സ്കൂളില്‍ പോകുന്ന ശീലമല്ലേ. കഷ്ടി അഞ്ചു, ആറു മണിക്കൂര്‍ ഉറങ്ങിയാലായി.


ഏതായാലും, വിശക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് എഴുന്നേറ്റു ലൈറ്റിട്ടു. എനിക്ക് പിറകെ, ഭാര്യയും മക്കളുമെഴുന്നേറ്റു. തൊട്ടടുത്ത മുറിയില്‍ അമ്മ നല്ല ഉറക്കത്തിലാണ്. നേരെ വരിവരിയായി അടുക്കളയിലേക്ക്. ഭാര്യയുടെ കൂടെ മുതിര്‍ന്നവളായ മകള്‍ അടുക്കളയില്‍ കടന്നു ലൈറ്റിട്ടു. അവളുടെ കൂക്കി വിളി കേട്ടതും ഞാന്‍ പരിഭ്രമിച്ചു!


അടുക്കളയിലെത്തിയ എന്നെ സ്വാഗതം ചെയ്തത് ഒന്നു രണ്ടു ചൊറിത്തവളകള്‍. ചുമരിലേക്കു നോക്കിയപ്പോള്‍ അതാ അവിടെ മൂന്നാല് വലിയ പല്ലികള്‍, പ്രാണികള്‍ എന്നിവ. നേരത്തേ കുളിമുറിയില്‍ പോയപ്പോള്‍ അവിടെ വലിയ എട്ടുകാലിയെ കണ്ട് അവള്‍ ഇറങ്ങിയോടിയതാണ്. ഈവക ക്ഷുദ്ര ജീവികളെയൊന്നും നേരില്‍ കണ്ടു പരിചയമില്ലാത്തതിനാല്‍ മകള്‍ അന്താളിച്ചു ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ആകെ കണ്ടു പരിചയം, ഇവിടത്തെ ഫ്ലാറ്റിലെ വലിപ്പമില്ലാത്ത കൂറകളെയാണ്.


ഞാന്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു വച്ച്, . മാറാല അടിക്കുന്ന ചൂലെടുത്ത് തിരിച്ചു പിടിച്ച് തവളകളെ അവിടുന്നോടിക്കാന്‍ ഒരു ശ്രമം നടത്തി. ഒന്നിനെ വാതിലിന്റെ അടുത്തെത്തിച്ചതിനു ശേഷം മറ്റേതിന്റെ നേരെ അതേ പ്രയോഗം തന്നെ നടത്തുമ്പോഴേക്കും ആദ്ര്യത്തെ തവള രണ്ടു ചാട്ടം കൊണ്ട് ഉള്ളില്‍ തന്നെ എത്തി. ഒരു ഹോക്കി താരത്തിന്റെ വീറോടെ ഞാന്‍ രണ്ടു പേരെയും അവസാനം പുറത്തെത്തിച്ച്ചു. പല്ലികള്‍ ഞങ്ങളെയൊക്കെ അസമയത്ത് കണ്ടിട്ടാവണം, അല്പം ഒതുങ്ങി നിന്നു.


ഭാര്യ ഒരു ഉപ്പുമാവ് തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിലാണ്. അടുക്കി വച്ച പാത്രങ്ങളില്‍ ഒരെണ്ണം എടുത്തപ്പോള്‍ അതാ അതിനിടയില്‍ നിന്നുമോടുന്നൂ ഒരു പഴുതാര. പാത്രം ഇട്ടിട്ടവള്‍ ഒരലര്‍ച്ചയോടെ മാറി നിന്നു - അറപ്പോടെ.


പഴുതാരയെതെടി ഞാന്‍ പാത്രങ്ങള്‍ക്കിടയില്‍ റിലേ നടത്തി അവസാനം അതിനെ കശാപ്പു ചെയ്തു എന്നുറപ്പ് വരുത്തിയതിനു ശേഷമേ അവള്‍ തിരിച്ചു വന്നുള്ളൂ.


ഉപ്പുമാവ് തിന്നുന്ന വേളയില്‍ മകള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഇനിയാരെങ്കിലും സന്ദര്‍ശനത്തിന് വരുന്നുണ്ടോ എന്ന്.


കൂട്ടത്തില്‍, ഇതിലൊക്കെ ഇത്തിരി താല്‍പ്പര്യം പ്രകടിപ്പിച്ച മകന്‍ ചോദിച്ചു "എന്താ അച്ഛാ തവളയും, തേളുമൊക്കെ നമ്മളെ വീട്ടിനകത്ത് " ?

"... മോനേ, അച്ഛന്‍ ഈ വീട്ടിലാണ് ജനിച്ചതും, കളിച്ചതും, വളര്‍ന്നതുമൊക്കെ. ഈ മിണ്ടാപ്രാണികളുമായൊക്കെ ‍ ഞങ്ങള്‍ നല്ല സഹാവാസത്തിലാണ് കഴിഞ്ഞിരുന്നത്. അപ്പോള്‍ പിന്നെ അവ വരുന്നതിനെ കുറ്റം പറയാനൊക്കുമോ. മഴക്കാലമായാല്‍ ഈവകയൊക്കെ കയറി വരും. അവ നമ്മെ ഉപദ്രവിക്കില്ല കേട്ടോ....."


ഭാര്യയും മകളും അത്ഭുതത്തോടെ എന്റെ മുഖംത്തേക്ക് നോക്കി, പിന്നെ പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. ഒപ്പം ഞാനും കൂടി. കാര്യത്തിന്റെ കിടപ്പ് പിടി കിട്ടിയില്ലെങ്കിലും, മകനും ഞങ്ങളോടൊപ്പം ചേര്‍ന്നു. പിന്നെ എല്ലാവരും ഉപ്പുമാവ് കഴിച്ചു കിടന്നു സുഖമായുറങ്ങി.

Thursday, July 1, 2010

ആരുണ്ടിവിടെ ചോദിക്കാന്‍?


ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം ഇതൊക്കെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെയും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും ഇടതു മുന്നണി പാര്‍ടികളുടെയും സ്ഥായീ ഭാവമാണ്. സ്വയം ഇതൊക്കെ ചെയ്യുമ്പോള്‍ വമ്പന്‍ ന്യായീകരണങ്ങളും, ജനങ്ങളുടെ വികാരങ്ങളാണ് ഞങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന മറ പ്രയോഗവും, എന്നാല്‍ ഇതൊക്കെ തന്നെ പ്രതിപക്ഷം ചെയ്യുമ്പോള്‍ അതിനു ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം എന്നിങ്ങനെയുള്ള മുഖങ്ങള്‍ നല്‍കുക - ഇതൊക്കെ ജനങ്ങള്‍ എത്ര കണ്ടതാണ്! ഇനി ഇതൊന്നും അധികനാള്‍ വിലപ്പോകില്ല.ഒരു മാര്‍ക്സിസ്റ്റ്‌ നേതാവ് ജയരാജന്റെ രോഷം കൊള്ളല്‍, ബഹുമാനപ്പെട്ട കോടതിയോടുള്ള അനാദരവ്, പരസ്യമായുള്ള അസഭ്യവര്‍ഷം, വെല്ലുവിളി - ഇതൊക്കെ വച്ചുപോറുപ്പിക്കരുത് ! കോടതികള്‍ക്ക് പൊതുവേയുള്ള കാലതാമസം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഉണ്ടാകരുത്. ഉടനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇനി ആരും ഇത്തരം ധിക്കാരം പരസ്യമായി പറയരുത്. ജയരാജന്റെ വാദം കേട്ടാല്‍ തോന്നും അഴിമതി എന്നത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണെന്ന്.


റോഡരുകിലും (ഫലത്തില്‍ റോഡില്‍ തന്നെ), കവലയിലുമുള്ള പൊതുയോഗങ്ങളും, ജാഥകളും കേരളത്തില്‍ ഇനി പാടില്ല എന്ന് കോടതി വിധി വന്നിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നടപ്പാക്കുക, പിന്നീട് അതിന്റെ ഭവിഷ്യത്തുകള്‍ രാഷ്ട്രീയ പാര്ടികളുമായി കൂടിയാലോജിച്ചു വേണ്ട തിരുത്തലുകള്‍ നടത്തുക. അല്ലെങ്കിലും കോടതികള്‍ക്ക് വിധി പ്രഖ്യാപിക്കനല്ലേ ആവുകയുള്ളൂ, അത് നടപ്പാക്കാന്‍ 'ബഹുമാനപ്പെട്ട സര്ക്കാര് തന്നെ വിചാരിക്കണമല്ലോ. അല്ലെങ്കില്‍ അഫ്സല്‍ ഗുരുവും, കസബും ഒന്നും തന്നെ ഇപ്പോഴും ജീവിച്ച്ചിരിക്കുമായിരുന്നില്ലല്ലോ!!!

Sunday, June 6, 2010

പാകിസ്താന്റെ വലിയ തമാശ!

ഇന്ത്യ - പാക്‌ പ്രശ്നങ്ങള്‍ നിരന്തരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് പാകിസ്താന്‍! അതായത്, രണ്ടോ, നാലോ ചര്‍ച്ചകള്‍ കൊണ്ട് പരിഹരിക്കാനാവില്ല - പരിഹരിക്കാനുദ്ദേശിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.വര്‍ഷങ്ങളായി നടത്തി വരുന്ന വെറും പ്രഹസനമായ ഒരു കലാപരിപടിയാണിതെന്നും അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ആര്‍ക്കണറിയാത്തത് ?


"...ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തണം, തീവ്രവാദി ആക്രമണം നടത്തണം; ഇന്ത്യന്‍ മെട്രോ നഗരങ്ങളിലും, സിരാകേന്ദ്രങ്ങളിലും ആക്രമണം സംഘടിപ്പിച്ച്, മാരക ശേഷിയുള്ള ബോംബ്‌ സ്ഫോടങ്ങള്‍ നടത്തി, തീ തുപ്പുന്ന യന്ത്രത്തോക്കുകളാല്‍ വെടിയുതിര്‍ത്ത് ആവുന്നത്ര നിരപരാധികളെ കൊന്നു ഭീകരത സൃഷ്ടിക്കണം! പിന്നെ ഇടയ്ക്കിടയ്ക്ക് ചര്ച്ച്ചയുമാവാം. തീവ്രവാദികള്‍ പാക്‌ ചാരന്മാരെന്ന് ഇന്ത്യ മാത്രം പറഞ്ഞതുകൊണ്ടായില്ല, പാക്‌ പൌരനാണെന്ന് പിടിക്കപ്പെട്ടയാല്‍ കുറ്റം സമ്മതിച്ച്ച്ചതുകൊണ്ടുമായില്ല, ഇന്ത്യ ഞങ്ങള്‍ ആവശ്യപ്പെടുന്ന സമയത്തൊക്കെ, ഞങ്ങള്‍ക്ക് ബോധിക്കുന്നത്ര തെളിവ് തന്നുകൊണ്ടിരിക്കണം. അതിനാല്‍ ചര്‍ച്ച നിരന്തരം നടത്തുകയെ നിര്‍വാഹമുള്ളു!..."

ഇന്ത്യയാവട്ടെ, രാജ്യത്തെ 110 കോടി ജനങ്ങളും 'വധശിക്ഷ' ആഗ്രഹിച്ച, അനേകം ഇന്ത്യന്‍ പൌരന്മാരെയും, ഭടന്മാരെയും ലോകം മുഴുക്കെ സാക്ഷിയായി, ക്രൂരമായി വെടി വച്ചു കൊന്ന, രാജ്യത്തിലെ നീതിന്യായവും, കോടതിയും, മരണശിക്ഷ വിധിച്ച, നമ്മുടെ രാജ്യത്തില്‍ നുഴഞ്ഞു കയറി രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശത്രു രാജ്യത്തിലെ ഒരു കൊലയാളിയെ, ദിവസവും കാല്‍ കോടിയോളം രൂപ ചിലവഴിച്ച് ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. ആരുടേയും ദയ അര്‍ഹിക്കാത്ത കുറ്റം ചെയ്തവന് പിന്നെന്തിനു രാഷ്ട്രപതിയുടെ ദയ? എല്ലാവരും മരണ ശിക്ഷ മാത്രം ആഗ്രഹിക്കുന്ന, ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട ഒരു മനുഷ്യ മൃഘത്തെ തൂക്കിക്കൊല്ലാന്‍ പരമോന്നത കോടതിക്കെന്തിനീ കാലതാമസം?


ഇന്ത്യ കണ്ട ഈ കൊടും കുറ്റവാളിക്ക് ഈ വധശിക്ഷയിലും എത്രയോ നല്ലത് കഠിനമായ ജീവപര്യന്തമോ, ഏകാന്ത ജീവപര്യന്തം ശിക്ഷയോ ആയിരുന്നു - എങ്കില്‍ നമ്മള്‍ ജനങ്ങളുടെ നികുതിപ്പണം മനുഷ്യമൃഘങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ചിലവഴിക്കുന്നില്ല എന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

Saturday, June 5, 2010

ഓ... കഷ്ടം, പൊളിറ്റിക്സ്!!രാഷ്ട്രീയത്തെക്കുറിച്ച് ഞാന്‍ വായിച്ച ഒരു നല്ല കാര്‍ട്ടൂണ്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അറബ് ന്യൂസ്‌ പത്രത്തില്‍ മുമ്പൊരിക്കല്‍ വന്നതാണ്.

"....they call it a 'scam' when you lie to people to get their money. When you lie to get their vote they call it 'politics'.... "

അതെ, രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ് പറയാന്‍ പോകുന്നത്. മുമ്പ് പലരും പറഞ്ഞിട്ടുണ്ട് 'രാഷ്ട്രീയത്തില്‍ ഇറങ്ങുക' എന്ന പ്രയോഗം തന്നെ എന്തോ അപകടസൂചന നല്‍കുന്ന പോലെയാണെന്ന്. 'ഇറങ്ങുക' എന്നാല്‍ ആയാസകരമായ എന്തോ ഒന്നാണല്ലോ. കിണറ്റില്‍ ഇറങ്ങുക, കടലില്‍ ഇറങ്ങുക എന്നെല്ലാം പോലെ. ബിസിനസ്സിലും ഇറങ്ങുക എന്ന് പറയും. രണ്ടു കല്പിച്ചാണ് പലരും അങ്ങനെ ചെയ്യാറ് പതിവ്. ലാഭ നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറായിക്കൊണ്ട്‌. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ ലാഭം മാത്രം കൊയ്തു കൂട്ടുന്നവരത്രേ!


"...കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍ക്ക് തുല്യം..." എന്ന ഹൈക്കോടതിയുടെ നിരീക്ഷണം സത്യസന്ദമാണ്. കാരണം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ രാഷ്ട്രീയക്കാര്‍ കിടന്നു വിളയാടുകയാണിന്നു. ജനങ്ങളെ സേവിച്ചു നന്നാക്കിക്കളയാം എന്ന അത്യാഗ്രഹം കൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉള്ള സമയം കൊണ്ട് കഴിയുന്നത്ര അഴിമതി നടത്തി സ്വന്തം നില ഭദ്രമാക്കണം എന്ന ഒറ്റ വിചാരം മാത്രമേയുള്ളൂ ഇന്നത്തെ ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും!

" ഓ അവിടത്തെ കാര്യമൊന്നും പറയണ്ടാ.... അവിടെ ഭയങ്കര പോളിറ്റിക്സാ ..." പലയിടത്തും ജോലി ചെയ്യുന്ന ആളുകളില്‍ നിന്നും നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന പരാതിയാണിത്. അപ്പോള്‍ എന്ത് മനസ്സിലായി? നന്നായി നടക്കുന്ന സ്ഥാപനങ്ങള്‍ കുളമാക്കി കുത്തുപാളയെടുപ്പിക്കാന്‍ അല്പം 'രാഷ്ട്രീയം' കളിച്ചാല്‍ മതിയല്ലോ. അത് തന്നെയാണ് ഇന്ന് നടന്നു വരുന്നതും, പലരും പ്രക്ടിസ് ചെയ്യുന്നതും.

ശരിക്കുള്ള ഇന്നത്തെ രാഷ്ട്രീയത്തെ ഒന്ന് നിരീക്ഷിക്കാം. പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം, വടം വലി, സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചരടുവലി, കുതികാല്‍വെട്ട്‌, മലക്കം മറിച്ചില്‍, പാലം വലിക്കല്‍, കൂറുമാറ്റം, പ്രസ്താവനകള്‍, ഉളുപ്പില്ലാത്ത കള്ളം, ധാര്‍ഷ്ട്യം തുടങ്ങി സകലമാന സര്‍ക്കസുകളും ഉണ്ട്. സ്വന്തമായി എന്ത് ചെയ്താലും അതെല്ലാം നല്ല കാര്യം - എന്നാല്‍ അത് തന്നെ എതിര്‍പക്ഷം ചെയ്‌താല്‍ ധിക്കാരം എന്ന് പറയാന്‍ മടിയില്ലാത്ത അഹങ്കാരികളായ നേതാക്കള്‍, അധികാരം കിട്ടി സീറ്റില്‍ ഇരിക്കേണ്ട താമസം, അഴിമതി നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന മന്ത്രിമാര്‍ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍!

കണ്ടു പിടിക്കപ്പെട്ട അഴിമതികള്‍ മാത്രമല്ലേ നമ്മള്‍ അറിയുന്നുള്ളൂ, നമ്മള്‍ കാണാത്ത, അറിയാത്ത എത്രയെത്ര അഴിമതികള്‍ ഇവര്‍ നടത്തുന്നുണ്ടാവാം.

ഇനി ജനങ്ങള്‍ വിശ്വസിച്ചു ഭരണത്തിലേറുന്ന മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ നേരമുണ്ടോ ഇന്ന്? മന്ത്രിസഭകള്‍ക്ക്‌ ജനങ്ങളുടെ, രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷമയുണ്ടോ? മുമ്പ് നടത്തിയ അഴിമതിയുടെ വ്യവഹാരങ്ങളെ എങ്ങനെ എതിര്‍ക്കാമെന്നും, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെങ്ങനെ തടയിടാമെന്നുമുള്ള ആലോചനകളില്‍ അവര്‍ സ്വന്തം ഉത്തരവാദിത്വം മറക്കുന്നു. നാടായ നാടൊക്കെ ഉദ്ഘാടനവും, വിമര്‍ശനവും, പ്രസംഗവുമൊക്കെ നടത്തി, നാടിന്റെ നന്മക്കു വേണ്ടി ചെയ്യാന്‍ കിട്ടുന്ന സംരംഭങ്ങളിലോക്കെ അഴിമതി നടത്തി അവര്‍ കാലം കഴിക്കുന്നു. പിന്നെ, അടുത്ത ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞത് മുതല്‍, നാട് മറന്ന്, ഭരണം മറന്ന്, ഉത്തരവാദിത്വം മറന്ന് സ്വന്തം പാര്‍ടിയുടെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തി‍ക്കാണിച്ച്ച് നാടെങ്ങും പ്രസംഗവും പ്രകടനങ്ങളും നടത്തി, പണം പൊടിച്ച് തയ്യാറെടുപ്പായി - ജനങ്ങള്‍ നികുതിയായി നല്‍കുന്ന പണത്തിന്റെ സിംഹഭാഗവും ഇലക്ഷന്‍ എന്ന വിരോധാഭാസത്തിനായി ! ആര്‍ക്കു വേണ്ടി?
ഇപ്പോഴത്തെ മുന്നണി മന്ത്രിസഭകളില്‍ യാതൊരു ഉളുപ്പുമില്ലാതെ സ്ഥാനം ചോദിച്ചു വാങ്ങിക്കുന്ന നേതാക്കളെ നാം കാണുന്നു. എന്നാല്‍ പിന്നെ ജനങ്ങളെ സേവിച്ചങ്ങു കാലം കഴിക്കാം എന്ന വിചാരമാണോ ഇവര്‍ക്ക്? ഒരിക്കലുമല്ല. യാതൊരു യോഗ്യതയുമില്ലാത്ത, കഴിവുമില്ലാത്ത - വെറും വാചക വീരന്മാരും, കക്കാന്‍ മാത്രമറിയുന്നവരുമായ സാക്ഷാല്‍ രാഷ്ട്രീയക്കരായി മാറിയിട്ടുള്ള നപുംസകങ്ങള്‍ മാത്രം. ഇവരെക്കൊണ്ട് ഇനിയും എത്ര കാലം സഹിക്കും നമ്മള്‍ !!

ഒരു എം.എല്‍.എ ആയി മത്സരിക്കണമെങ്കില്‍ യോഗ്യത എല്‍.എല്‍.‍ ബി. യോ, മിനിമം ഒരു ബിരുധമെന്കിലുമൊ നിര്‍ബന്ധമാക്കേണ്ടാതാണ്. അതില്ലാത്തവര്‍ പാര്‍ടിയുടെ നേതൃ സ്ഥാനത്തിരിക്കട്ടെ. അല്ലാതെ, ഓരോ അഞ്ചു വര്‍ഷവും മന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന, ഇരിക്കണമെന്ന വാശി നല്ലതല്ല.

നമുക്കൊരു ആരംഭം കുറിക്കാം. രാഷ്ട്രീയക്കാരെ കഴിവതും ബഹിഷ്കരിച്ച്ചുകൊണ്ട്...

Saturday, May 29, 2010

'ദുബായ് - നെടുമ്പാശ്ശേരി', 'ജെദ്ദ - കരിപ്പൂര്‍'


ഗ്ലോബലൈസേഷന്‍ എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ലൈന്‍. എന്നാല്‍ ലോക്കലൈസേഷന്‍ ഒരു ശീലമാക്കിയിരിക്കുകയാണ് മലയാളത്തിലെ ചാനലുകള്‍ - ചില കാര്യത്തിലെങ്കിലും.


കോഴിക്കോട് ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നത് നമ്മള്‍ മലബാറുകാരുടെ ഭാഗ്യമായി കരുതിയിരുന്നു. 'കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം' അഥവാ 'കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'. എന്നാല്‍ ഈ പെരിനോടെന്തോ അലര്‍ജിയാണ് പലര്‍ക്കും. അവര്‍ 'കരിപ്പൂര്‍ വിമാനത്താവളം' എന്നേ പറയൂ. കാര്യം, ഈ കോഴിക്കോട് വിമാനത്താവളവും, കാലിക്കറ്റ് യൂനിവേര്സിറ്റിയുമൊക്കെ സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണെങ്കിലും (അതുകൊണ്ട് കൂടിയാവാം മലപ്പുറത്തുകാര്‍ കൂടുതലും 'കരിപ്പൂര്‍ എയര്‍പോര്‍ട്ട്' എന്ന് അല്പം അഹങ്കാരത്തോടെ പറയുന്നത്) ചാനലുകാര്‍ക്കും കൂടി ഈ അസുഖം പടര്ന്നതിലാണ് അത്ഭുതം !


'കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്' നെടുമ്പാശ്ശേരി എന്ന ഗ്രാമത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ഒരു നക്ഷത്ത്രത്തിളക്കം ഒക്കെ കൈവന്നതാണ്, പക്ഷെ എന്ത് കാര്യം. 'നെടുമ്പാശ്ശേരി' എന്നേ പറയൂ ജനവും മാധ്യമ -ചാനലുകളും.


'ദുബായ് - നെടുമ്പാശ്ശേരി' വിമാനം, 'ജെദ്ദ - കരിപ്പൂര്‍' വിമാനം എന്നതാണ് ഈ ലോക്കലൈസേഷന്റെ ഭാഷാ മാഹാത്മ്യം.

കേരളത്തിലെ താപനില അറിയിക്കുമ്പോഴും നമ്മുടെ മലയാള, മാതൃകാ ചാനലുകാര്‍ ഇങ്ങനെയേ എഴുതൂ... തിരുവനന്തപുരം എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, കരിപ്പൂര്‍ എയര്‍പോര്‍ട്ട്....എന്നിങ്ങനെ.
 
'അവനവന്‍പടി' വരെയുള്ള ഈ കേരളനാട്ടില്‍ ഇനിയും അല്‍ഭുതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.

കോഴിക്കോട്ടെ വിമാനത്താവളം 'കൊണ്ടോട്ടിയിലും' കൊച്ചിയിലെ വിമാനത്താവളം 'നായരംബലത്തും' വരാതിരുന്നത് ഭാഗ്യമെന്നേ കരുതേണ്ടു!!

ഇനിയിപ്പോള്‍ കണ്ണൂരില്‍ വരുന്ന വിമാനത്താവളം മൂര്‍ഘന്‍ പറമ്പിലാണെന്ന് കേട്ടു.

അധികം വൈകാതെ 'കുവൈറ്റ്‌ - മൂര്‍ഖന്‍ പറമ്പ്' വിമാനം എന്ന് ചാനലിലും പത്ത്രത്താളുകളിലും കണ്ടാല്‍ ഞെട്ടണ്ട!

മലയാളി

ഭാര്യയും ഞാനും ഇടയ്ക്കിടെ വഴക്കാണ്. മലയാളിയുടെ സ്വഭാവവിശേഷങ്ങളാണ് പ്രധാന വിഷയം.
ഞാനൊരു ശുദ്ധ ഭാഷാസ്നേഹിയും, തനി നാട്ടിന്പുറത്തുകാരനുമായതാവാം അവളുടെ വാദങ്ങളെ നഖശിഘാന്തം എല്ലായ്പ്പോഴും എതിര്‍ക്കുന്നത്. ഇന്ത്യയിലെ അതിവേഗം വികസിച്ച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അടിസ്ഥാനപരമായി അവളും മലയാളി തന്നെയെന്നതാവാം എന്റെ എതിര്‍പ്പ് പലപ്പോഴും അവള്‍ അംഗീകരിക്കുന്നത്. 


മലയാളിമങ്കമാരുടെ എണ്ണയില്‍ കുതിര്‍ന്ന്, ചീകി ഒതുക്കാത്ത കാര്‍കൂന്തലിനെക്കുറിച്ച്ചാണ് അവള്‍ തുടങ്ങിയത്... കല്യാണം കഴിഞ്ഞ നാളുകളില്‍.
മലയാളികള്‍ നിത്യവും രണ്ടു തവണ കുളിക്കുന്നവരാണെന്നും, അല്ലാതെ അണ്ണാച്ച്ചികളെപ്പോലെ ആഴ്ചയില്‍ ഒരു തവണ കുളിക്കുന്നവരല്ല എന്ന് ചുട്ട മറുപടി കൊടുത്തുവെങ്കിലും,
അവള്‍ പറയുന്ന പലതിലുമുണ്ട് സത്യങ്ങള്‍ എന്ന് പിന്നീടാണെനിക്ക് തോന്നിത്തുടങ്ങിയത്.


ഇതാകുറെ മലയാളിക്കാര്യങ്ങള്‍: 
 
പണ്ട്, നാട്ടിലെ സിനിമാകൊട്ടകയില്‍ ഏറ്റവും മുന്നിലെ ബെഞ്ചിലിരുന്നു സിനിമ കാണാന്‍ ബഹുരസമായിരുന്നു. ആരുടേയും ശല്യമില്ല. പിന്നീട്, പിന്‍ നിരയിലിരുന്നേ സിനിമ കാണാവൂ എന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍, പടം തീരുന്നതിനു മുന്നേ ‍സീറ്റില്‍ നിന്നും എഴുന്നേറ്റുപോകുന്നവരോട് തോന്നിയത് ദേഷ്യമോ എന്തോ! ഇവര്‍ക്ക് രണ്ടര മണിക്കൂര്‍ സമയം ഇരുന്നു സിനിമ കണാനാവുമെങ്കില്‍ പിന്നെയീ അവസാനത്തെ അഞ്ചു  മിനിറ്റു കൂടി ക്ഷമിച്ചാലെന്താ!

ഇതേ വികാരം തന്നെയിപ്പോള്‍ ഓരോ വിമാന യാത്രയുടെ ഒടുക്കത്തിലും തോന്നിപ്പോവുന്നു. വിമാനം റണ്‍വേയില്‍ തൊട്ടയുടനെ, സെയ്ഫ്ടി ബെല്‍റ്റും അഴിച്ചു ചാടിയെഴുന്നേറ്റു പെട്ടികളും ബാഗുകളും ഒക്കെയെടുക്കാനും, പുറത്തേക്ക് ഇറങ്ങാനുമുള്ള  ഇക്കൂട്ടരുടെ തിടുക്കം കണ്ടാല്‍ തോന്നും വിമാനം രണ്ടു മിനിട്ട് നിര്‍ത്തി ഉടന്‍ പറന്നു പൊങ്ങുമെന്ന്. പലരും പലയാവര്‍ത്തി  ഇതേക്കുറിച്ച്ചെഴുതിയതും വിചിത്രമായ മറുപടികള്‍ കേട്ടതുമാണ്. ഒരിക്കല്‍ ഈയുള്ളവന്റെ  തലയില്‍ ഒരു പെട്ടി ഏകദേശം വീണതുമാണ്. 

വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്നു വിയര്‍പ്പൊഴുക്കി സ്വന്ത ബന്ധങ്ങളെ കാണാനുള്ള കൊതികൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. എങ്കിലും ആ മറുപടികളൊന്നും തന്നെ ആ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല. ഓരോ പ്രവൃത്തിക്കും, സ്ഥലത്തിനും, കാലത്തിനും അതിന്റേതായ ചിട്ടകളും പ്രത്യേകതകളും നിയമങ്ങളുമുണ്ട്. അത് അനുസരിക്കുക തന്നെ വേണം.  
 
ഇതൊക്കെയാണെങ്കിലും പക്ഷേ ഭാര്യയുടെ കുറ്റം പറച്ചില്‍ നമ്മളില്‍ ഒരു പ്രതികരണ ശേഷിയുണ്ടാക്കുന്നു. ഞാനും വിട്ടുകൊടുക്കാറില്ല. കേരളം വ്യാജ മദ്യത്തില്‍ മുങ്ങി, മരിക്കുന്ന വാര്‍ത്തകള്‍ ടി വി യില്‍ വരുമ്പോള്‍ അവള്‍ പറയും

 "കേരളത്തില്‍ മാത്രമേ ഈയൊരു പ്രശ്നമൊള്ളൂ... വേറെയെവിടെയുമില്ല.....മലയാളികളെപ്പോലെ കള്ളുകുടിയന്മാര്‍ ലോകത്തിലില്ല..." എന്നൊക്കെ.

ബെങ്കലുരുവിലെ പോലെ മുറുക്കാന്‍ കട കണക്കെ  കള്ളുഷാപ്പുകള്‍ കേരളത്തിലില്ല; കന്നടക്കാരും, തമിഴരുമൊക്കെ കൊള്ളരുതാത്തവരായതുകൊണ്ടല്ലേ മലയാളികള്‍ അവിടെയൊക്കെ ചേക്കേറി ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമൊക്കെ എന്ന് ഞാനും കാച്ചും.
 
നിത്യേനയെന്നോണം നടന്നു വരുന്ന കലാലയ സമരങ്ങള്‍, പോലീസ് മര്‍ദനം, വെടിവെപ്പ്, ചോരയൊലിക്കുന്ന തലയും മുഖങ്ങളും, പ്രതിഷേധം, ജാഥ, സമരം, വഴിതടയല്‍, ധര്‍ണ, ഇറങ്ങിപ്പോക്ക്, പ്രസ്താവനകള്‍, മറുപടികള്‍, വിഴുപ്പലക്ക് എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ ടി വി യില്‍ വാര്‍ത്തയാകുമ്പോള്‍ ഭാര്യ തുടങ്ങും - ഈ മലയാളികള്‍ക്ക് വേറൊരു പണിയുമില്ല. നേരം വെളുത്താല്‍ ഇറങ്ങിക്കോളും സമരം ചെയ്യാനും, ജാഥ വിളിക്കാനും, തല്ലു മേടിക്കാനുമൊക്കെ... ഇതൊക്കെ കേരളത്തിലല്ലാതെ വേറെ എവിടെയുമില്ലല്ലോ എന്ന് തുടങ്ങി എന്നെ പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം.

ഞാന്‍ പറയും -
കേരളത്തിലെ ജനങ്ങള്‍ പ്രബുധ്ധരാണ്, അവരെ പെട്ടന്ന് പറ്റിക്കാന്‍ ആര്‍ക്കുമാവില്ല, അനുവദിക്കില്ല - അല്ലാതെ തമിഴന്മാരെയോ, കന്നടക്കാരെയോ പോലെയൊന്നുമല്ല - പരിഹസിച്ച്ചിട്ട് കാര്യമില്ല എന്നൊക്കെ.
 
ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ ഒരു സര്‍ക്കാര്‍ ട്രഷറിയില്‍ ചെറിയോരിടപാടിനു പോകേണ്ടി വന്നു. ബോംബെയില്‍ ഒരു മഴ അറിഞ്ഞു പെയ്താല്‍ ഇന്ത്യ സ്തംഭിക്കുമെന്നു മനസ്സിലായി.
എസ് ബി ടി ക്ക് പണം അയക്കാന്‍ കഴിഞ്ഞില്ല - അതിനാല്‍ ബാങ്കില്‍ പണമെത്തിയില്ല, വൈകിയേക്കും എന്നിങ്ങനെ ഒഴികഴിവ് പറഞ്ഞൂ ഉധ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍, സ്കൂള്‍ അധ്യാപകര്‍, മറ്റു ഉദ്യോഗസ്ഥര്‍, പിരിഞ്ഞ അധ്യാപകര്‍ എന്നിങ്ങനെ ഒരു കൂട്ടം പരിചിത മുഖങ്ങളെ കണ്ടു. അവിടെ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. ട്രഷറിയിലെ ഉധ്യോഗസ്ഥരുടെ 'സ്പീഡ്' പോലെത്തന്നെ മലയാളിക്ക് ഒന്ന് ട്രഷറിയില്‍ പോകണമെങ്കില്‍, പോസ്റ്റ്‌ ഓഫീസിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ പോകണമെങ്കില്‍ ഒരു ദിവസത്തെ സമയം വേണം. അതവര്‍ക്കൊരു പ്രശ്നമല്ല - ശീലമാണ്.


കഴിഞ്ഞ വര്ഷം ജെദ്ദ ഫെസ്റിവല്‍ പ്രമാണിച്ച് ഇന്ത്യന്‍ സ്കൂള്‍ ഓടിറ്റോറിയത്തില് ഉദ്ഘടനച്ച്ചടങ്ങ്‌ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍, നാട്ടുകാര്‍ എല്ലാമായി പ്രസ്തുത പരിപാടി ഭംഗിയായി നടന്നു - അതിധികളിലധികവും വടക്കേ ഇന്ത്യക്കരായിരുന്നതുകൊണ്ടുതന്നെ. അതേ സമയം ഇക്കഴിഞ്ഞയാഴ്ച അതേ സ്ഥലത്ത് നടന്ന കേരളോത്സവം ബഹളമയമായിരുന്നു. മലയാളി സാന്നിധ്യം വിളിച്ച്ചറിയിക്കുന്നതായിരുന്നൂ പ്രസ്തുത പരിപാടി. ബഹളത്തിനിടയില്‍, ഞാന്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ പാടുപെട്ടു. അവളുടെ പരിഹാസശരങ്ങളെ എല്ലായ്പ്പോഴും നേരിടുന്ന എനിക്കും തോന്നിത്തുടങ്ങി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളുടെ പോരായ്മകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമ്മള്‍ പരിതപിച്ച്ചിട്ടോ, കോപിച്ച്ചിട്ടോ കാര്യമുണ്ടോ? സ്വയം ചിന്തിക്കുക - നന്നാവണമെന്ന് തീരുമാനമെടുക്കുക, കുറവുകള്‍ അംഗീകരിക്കുക. ഇതൊക്കെ വേണം നമ്മള്‍ മലയാളികള്‍ക്ക്.
 
അല്ല, വ്യത്യസ്തമായോന്നു ചിന്തിക്കാം നമുക്ക്.

ഒരിക്കല്‍ ഒരു സുഹൃത്തുമൊന്നിച്ച് ആദ്യമായി മദ്രാസില്‍ പോയി. അവിടെ പ്രശസ്തമായ മരീന ബീച്ച് ഒന്ന് സന്ദര്ശി‍ക്കണമെന്ന മോഹവുമായി ആ ഭാഗത്തേക്കുള്ള ബസ്സിന്റെ നമ്പര്‍ നോക്കി കയറിക്കൂടി. ബസ്‌ കുറെ ദൂരം പോയതിനു ശേഷമാണ് കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തെത്തിയത്. "...രണ്ടു മരീന ബീച്ച്.." - കാശ് നീട്ടിക്കൊണ്ടിത്തിരി ഗമയില്‍ ഞാന്‍ പറഞ്ഞു.

യാത്രക്കാരിലൊരു മധ്യ വയസ്ക അപ്പോള്‍ പറഞ്ഞു:

 "......അയ്യയ്യയ്യയ്യോ...മരീനാ ബീച്ചാ ??!? ...അത് വന്ത് സെയിം ബസ്, ആണാ ഓപ്പോസിറ്റ് ഡയരക്ഷന്‍ മാ... "

എന്ന് അവരുടെ നെറ്റിയില്‍ വലതുകൈ തുടരെ തട്ടിക്കൊണ്ടു. ഉടനെ തന്നെ കണ്ടക്ടര്‍ വിസിലടിച്ചു ബസ് നിര്‍ത്തിച്ച്  ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു - കാശൊന്നും മേടിക്കാതെ.
 
ഭാര്യയുടെ നഗരത്തില്‍ തിരക്കേറിയ കൊമേര്‍ഷ്യല്‍ സ്ട്രീറ്റില്‍ ഒരു ബുധനാഴ്ച ഉച്ചക്ക് , ഇവിടെയുള്ള ഒരു സുഹൃത്തിന് വേണ്ടി ഒരു ഡിസൈനെര്‍ സാരി വാങ്ങാനായി ഭാര്യയും ഞാനും പോയി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ രണ്ടു മൂന്നാവര്‍ത്തി ആ പ്രദേശമാകെ വലം വച്ച് ഒടുവില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തു. തകര്‍പ്പന്‍  മഴയായിരുന്നതിനാല്‍ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. മഴയൊക്കെ തോര്‍ന്ന് ഇറങ്ങാനൊരുങ്ങുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍! 

"....സര്‍ സര്‍... ഇല്ലി നോ പാര്‍ക്കിംഗ് സാര്‍..."

എനിക്ക് ദേഷ്യമൊട്ടും തോന്നിയില്ല. ചിരിച്ചുകൊണ്ട് ഞാനുടനെ വണ്ടിയെടുത്തു അകലെയുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോള്‍  ഭാര്യയോട്‌ പറഞ്ഞു

"... സമ്മതിക്കാതെ വയ്യ നിങ്ങളുടെ നാട്ടിലെ ആളുകളെയും പോലീസുകാരെയുമൊക്കെ.."

എന്തേ എന്നവള്‍ ചോദിച്ചു. ഇതേ സംഭവം കേരളത്തില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍

"....ടോ ... വണ്ടിയെടുത്തു പോടോ....എന്താ, നോ പാര്‍ക്കിംഗ് ബോര്‍ഡ്‌ കണ്ടൂടെ ..."
എന്നായിരിക്കും പോലീസുകാരന്റെ  വചനം.

ഭാര്യ പൊട്ടിച്ചിരിക്കുമ്പോഴും എന്റെ ചിന്ത കേരളത്തെക്കുറിച്ചായിരുന്നു.
 
ഒരെണ്ണം കൂടി ഓര്‍മയില്‍ വരുന്നു. കോളജ് പഠനകാലത്ത് ഒരു ഓണാവധിക്ക് മൈസൂരിലേക്ക് കൂട്ടുകാരുമൊന്നിച്ചു വണ്ടി വിളിച്ചു പോയി. മൈസൂര്‍ നഗരത്തിന്റെ തിരക്കിലെത്തിയ ഡ്രൈവര്‍ക്ക് കണ്ഫ്യൂഷന്‍. കുറച്ചു പോലീസുകാര്‍ വണ്ടി തടഞ്ഞു നിര്‍ത്തിയപ്പോഴാണറിയുന്നത്‌ oneway നിയമം ലംഘിച്ചുവെന്നു. ഡ്രൈവര്‍ ഇറങ്ങി പ്രമാണങ്ങളൊക്കെയുമായി പോലീസുകാരെ ചെന്ന് കണ്ടു. ഞങ്ങള്‍ ആശങ്കയോടെ കാത്തിരിക്കുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍ ഒരു മിഠായിപ്പൊതിയുമായി  "...സ്വീറ്റ്സ്..." എന്നും പറഞ്ഞുകൊണ്ട്. അവിടെ ദസറ ആഘോഷമായിരുന്നു. മിഠായിയും തന്നു വേഗം വണ്ടി തിരിച്ചു പോയ്ക്കൊള്ളന്‍ പറഞ്ഞു. ഇതും കേരളത്തിലായിരുന്നെങ്കില്‍ പിഴയും ചീത്തയും തന്നെയാവും ഫലം.


"...നിയമസഭയില്‍ പ്രതിപക്ഷം അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഇറങ്ങിപ്പോയി..." 

ടി വി യിലെ വാര്‍ത്ത‍ അവതാരകന്‍  തുടരുകയാണ്...

ഭാര്യ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു...."

...ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ സ്ഥിരം തൊഴിലിത് തന്നെ..... ഇതൊക്കെ കൊട്ടിഘോഷിക്കാന്‍ ഇഷ്ടം പോലെ ചാനലുകാരുമുണ്ട് മലയാളത്തില്‍....

ഞാനും അവളുടെ പക്ഷം ചേര്‍ന്നു. ഇനിയും കൂടുതല്‍ നാണം കെടാന്‍ വയ്യ!