Saturday, May 29, 2010

മലയാളി

ഭാര്യയും ഞാനും ഇടയ്ക്കിടെ വഴക്കാണ്. മലയാളിയുടെ സ്വഭാവവിശേഷങ്ങളാണ് പ്രധാന വിഷയം.
ഞാനൊരു ശുദ്ധ ഭാഷാസ്നേഹിയും, തനി നാട്ടിന്പുറത്തുകാരനുമായതാവാം അവളുടെ വാദങ്ങളെ നഖശിഘാന്തം എല്ലായ്പ്പോഴും എതിര്‍ക്കുന്നത്. ഇന്ത്യയിലെ അതിവേഗം വികസിച്ച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അടിസ്ഥാനപരമായി അവളും മലയാളി തന്നെയെന്നതാവാം എന്റെ എതിര്‍പ്പ് പലപ്പോഴും അവള്‍ അംഗീകരിക്കുന്നത്. 


മലയാളിമങ്കമാരുടെ എണ്ണയില്‍ കുതിര്‍ന്ന്, ചീകി ഒതുക്കാത്ത കാര്‍കൂന്തലിനെക്കുറിച്ച്ചാണ് അവള്‍ തുടങ്ങിയത്... കല്യാണം കഴിഞ്ഞ നാളുകളില്‍.
മലയാളികള്‍ നിത്യവും രണ്ടു തവണ കുളിക്കുന്നവരാണെന്നും, അല്ലാതെ അണ്ണാച്ച്ചികളെപ്പോലെ ആഴ്ചയില്‍ ഒരു തവണ കുളിക്കുന്നവരല്ല എന്ന് ചുട്ട മറുപടി കൊടുത്തുവെങ്കിലും,
അവള്‍ പറയുന്ന പലതിലുമുണ്ട് സത്യങ്ങള്‍ എന്ന് പിന്നീടാണെനിക്ക് തോന്നിത്തുടങ്ങിയത്.


ഇതാകുറെ മലയാളിക്കാര്യങ്ങള്‍: 
 
പണ്ട്, നാട്ടിലെ സിനിമാകൊട്ടകയില്‍ ഏറ്റവും മുന്നിലെ ബെഞ്ചിലിരുന്നു സിനിമ കാണാന്‍ ബഹുരസമായിരുന്നു. ആരുടേയും ശല്യമില്ല. പിന്നീട്, പിന്‍ നിരയിലിരുന്നേ സിനിമ കാണാവൂ എന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍, പടം തീരുന്നതിനു മുന്നേ ‍സീറ്റില്‍ നിന്നും എഴുന്നേറ്റുപോകുന്നവരോട് തോന്നിയത് ദേഷ്യമോ എന്തോ! ഇവര്‍ക്ക് രണ്ടര മണിക്കൂര്‍ സമയം ഇരുന്നു സിനിമ കണാനാവുമെങ്കില്‍ പിന്നെയീ അവസാനത്തെ അഞ്ചു  മിനിറ്റു കൂടി ക്ഷമിച്ചാലെന്താ!

ഇതേ വികാരം തന്നെയിപ്പോള്‍ ഓരോ വിമാന യാത്രയുടെ ഒടുക്കത്തിലും തോന്നിപ്പോവുന്നു. വിമാനം റണ്‍വേയില്‍ തൊട്ടയുടനെ, സെയ്ഫ്ടി ബെല്‍റ്റും അഴിച്ചു ചാടിയെഴുന്നേറ്റു പെട്ടികളും ബാഗുകളും ഒക്കെയെടുക്കാനും, പുറത്തേക്ക് ഇറങ്ങാനുമുള്ള  ഇക്കൂട്ടരുടെ തിടുക്കം കണ്ടാല്‍ തോന്നും വിമാനം രണ്ടു മിനിട്ട് നിര്‍ത്തി ഉടന്‍ പറന്നു പൊങ്ങുമെന്ന്. പലരും പലയാവര്‍ത്തി  ഇതേക്കുറിച്ച്ചെഴുതിയതും വിചിത്രമായ മറുപടികള്‍ കേട്ടതുമാണ്. ഒരിക്കല്‍ ഈയുള്ളവന്റെ  തലയില്‍ ഒരു പെട്ടി ഏകദേശം വീണതുമാണ്. 

വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്നു വിയര്‍പ്പൊഴുക്കി സ്വന്ത ബന്ധങ്ങളെ കാണാനുള്ള കൊതികൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. എങ്കിലും ആ മറുപടികളൊന്നും തന്നെ ആ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല. ഓരോ പ്രവൃത്തിക്കും, സ്ഥലത്തിനും, കാലത്തിനും അതിന്റേതായ ചിട്ടകളും പ്രത്യേകതകളും നിയമങ്ങളുമുണ്ട്. അത് അനുസരിക്കുക തന്നെ വേണം.  
 
ഇതൊക്കെയാണെങ്കിലും പക്ഷേ ഭാര്യയുടെ കുറ്റം പറച്ചില്‍ നമ്മളില്‍ ഒരു പ്രതികരണ ശേഷിയുണ്ടാക്കുന്നു. ഞാനും വിട്ടുകൊടുക്കാറില്ല. കേരളം വ്യാജ മദ്യത്തില്‍ മുങ്ങി, മരിക്കുന്ന വാര്‍ത്തകള്‍ ടി വി യില്‍ വരുമ്പോള്‍ അവള്‍ പറയും

 "കേരളത്തില്‍ മാത്രമേ ഈയൊരു പ്രശ്നമൊള്ളൂ... വേറെയെവിടെയുമില്ല.....മലയാളികളെപ്പോലെ കള്ളുകുടിയന്മാര്‍ ലോകത്തിലില്ല..." എന്നൊക്കെ.

ബെങ്കലുരുവിലെ പോലെ മുറുക്കാന്‍ കട കണക്കെ  കള്ളുഷാപ്പുകള്‍ കേരളത്തിലില്ല; കന്നടക്കാരും, തമിഴരുമൊക്കെ കൊള്ളരുതാത്തവരായതുകൊണ്ടല്ലേ മലയാളികള്‍ അവിടെയൊക്കെ ചേക്കേറി ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമൊക്കെ എന്ന് ഞാനും കാച്ചും.
 
നിത്യേനയെന്നോണം നടന്നു വരുന്ന കലാലയ സമരങ്ങള്‍, പോലീസ് മര്‍ദനം, വെടിവെപ്പ്, ചോരയൊലിക്കുന്ന തലയും മുഖങ്ങളും, പ്രതിഷേധം, ജാഥ, സമരം, വഴിതടയല്‍, ധര്‍ണ, ഇറങ്ങിപ്പോക്ക്, പ്രസ്താവനകള്‍, മറുപടികള്‍, വിഴുപ്പലക്ക് എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ ടി വി യില്‍ വാര്‍ത്തയാകുമ്പോള്‍ ഭാര്യ തുടങ്ങും - ഈ മലയാളികള്‍ക്ക് വേറൊരു പണിയുമില്ല. നേരം വെളുത്താല്‍ ഇറങ്ങിക്കോളും സമരം ചെയ്യാനും, ജാഥ വിളിക്കാനും, തല്ലു മേടിക്കാനുമൊക്കെ... ഇതൊക്കെ കേരളത്തിലല്ലാതെ വേറെ എവിടെയുമില്ലല്ലോ എന്ന് തുടങ്ങി എന്നെ പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം.

ഞാന്‍ പറയും -
കേരളത്തിലെ ജനങ്ങള്‍ പ്രബുധ്ധരാണ്, അവരെ പെട്ടന്ന് പറ്റിക്കാന്‍ ആര്‍ക്കുമാവില്ല, അനുവദിക്കില്ല - അല്ലാതെ തമിഴന്മാരെയോ, കന്നടക്കാരെയോ പോലെയൊന്നുമല്ല - പരിഹസിച്ച്ചിട്ട് കാര്യമില്ല എന്നൊക്കെ.
 
ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ ഒരു സര്‍ക്കാര്‍ ട്രഷറിയില്‍ ചെറിയോരിടപാടിനു പോകേണ്ടി വന്നു. ബോംബെയില്‍ ഒരു മഴ അറിഞ്ഞു പെയ്താല്‍ ഇന്ത്യ സ്തംഭിക്കുമെന്നു മനസ്സിലായി.
എസ് ബി ടി ക്ക് പണം അയക്കാന്‍ കഴിഞ്ഞില്ല - അതിനാല്‍ ബാങ്കില്‍ പണമെത്തിയില്ല, വൈകിയേക്കും എന്നിങ്ങനെ ഒഴികഴിവ് പറഞ്ഞൂ ഉധ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍, സ്കൂള്‍ അധ്യാപകര്‍, മറ്റു ഉദ്യോഗസ്ഥര്‍, പിരിഞ്ഞ അധ്യാപകര്‍ എന്നിങ്ങനെ ഒരു കൂട്ടം പരിചിത മുഖങ്ങളെ കണ്ടു. അവിടെ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. ട്രഷറിയിലെ ഉധ്യോഗസ്ഥരുടെ 'സ്പീഡ്' പോലെത്തന്നെ മലയാളിക്ക് ഒന്ന് ട്രഷറിയില്‍ പോകണമെങ്കില്‍, പോസ്റ്റ്‌ ഓഫീസിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ പോകണമെങ്കില്‍ ഒരു ദിവസത്തെ സമയം വേണം. അതവര്‍ക്കൊരു പ്രശ്നമല്ല - ശീലമാണ്.


കഴിഞ്ഞ വര്ഷം ജെദ്ദ ഫെസ്റിവല്‍ പ്രമാണിച്ച് ഇന്ത്യന്‍ സ്കൂള്‍ ഓടിറ്റോറിയത്തില് ഉദ്ഘടനച്ച്ചടങ്ങ്‌ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍, നാട്ടുകാര്‍ എല്ലാമായി പ്രസ്തുത പരിപാടി ഭംഗിയായി നടന്നു - അതിധികളിലധികവും വടക്കേ ഇന്ത്യക്കരായിരുന്നതുകൊണ്ടുതന്നെ. അതേ സമയം ഇക്കഴിഞ്ഞയാഴ്ച അതേ സ്ഥലത്ത് നടന്ന കേരളോത്സവം ബഹളമയമായിരുന്നു. മലയാളി സാന്നിധ്യം വിളിച്ച്ചറിയിക്കുന്നതായിരുന്നൂ പ്രസ്തുത പരിപാടി. ബഹളത്തിനിടയില്‍, ഞാന്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ പാടുപെട്ടു. അവളുടെ പരിഹാസശരങ്ങളെ എല്ലായ്പ്പോഴും നേരിടുന്ന എനിക്കും തോന്നിത്തുടങ്ങി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളുടെ പോരായ്മകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമ്മള്‍ പരിതപിച്ച്ചിട്ടോ, കോപിച്ച്ചിട്ടോ കാര്യമുണ്ടോ? സ്വയം ചിന്തിക്കുക - നന്നാവണമെന്ന് തീരുമാനമെടുക്കുക, കുറവുകള്‍ അംഗീകരിക്കുക. ഇതൊക്കെ വേണം നമ്മള്‍ മലയാളികള്‍ക്ക്.
 
അല്ല, വ്യത്യസ്തമായോന്നു ചിന്തിക്കാം നമുക്ക്.

ഒരിക്കല്‍ ഒരു സുഹൃത്തുമൊന്നിച്ച് ആദ്യമായി മദ്രാസില്‍ പോയി. അവിടെ പ്രശസ്തമായ മരീന ബീച്ച് ഒന്ന് സന്ദര്ശി‍ക്കണമെന്ന മോഹവുമായി ആ ഭാഗത്തേക്കുള്ള ബസ്സിന്റെ നമ്പര്‍ നോക്കി കയറിക്കൂടി. ബസ്‌ കുറെ ദൂരം പോയതിനു ശേഷമാണ് കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തെത്തിയത്. "...രണ്ടു മരീന ബീച്ച്.." - കാശ് നീട്ടിക്കൊണ്ടിത്തിരി ഗമയില്‍ ഞാന്‍ പറഞ്ഞു.

യാത്രക്കാരിലൊരു മധ്യ വയസ്ക അപ്പോള്‍ പറഞ്ഞു:

 "......അയ്യയ്യയ്യയ്യോ...മരീനാ ബീച്ചാ ??!? ...അത് വന്ത് സെയിം ബസ്, ആണാ ഓപ്പോസിറ്റ് ഡയരക്ഷന്‍ മാ... "

എന്ന് അവരുടെ നെറ്റിയില്‍ വലതുകൈ തുടരെ തട്ടിക്കൊണ്ടു. ഉടനെ തന്നെ കണ്ടക്ടര്‍ വിസിലടിച്ചു ബസ് നിര്‍ത്തിച്ച്  ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു - കാശൊന്നും മേടിക്കാതെ.
 
ഭാര്യയുടെ നഗരത്തില്‍ തിരക്കേറിയ കൊമേര്‍ഷ്യല്‍ സ്ട്രീറ്റില്‍ ഒരു ബുധനാഴ്ച ഉച്ചക്ക് , ഇവിടെയുള്ള ഒരു സുഹൃത്തിന് വേണ്ടി ഒരു ഡിസൈനെര്‍ സാരി വാങ്ങാനായി ഭാര്യയും ഞാനും പോയി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ രണ്ടു മൂന്നാവര്‍ത്തി ആ പ്രദേശമാകെ വലം വച്ച് ഒടുവില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തു. തകര്‍പ്പന്‍  മഴയായിരുന്നതിനാല്‍ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. മഴയൊക്കെ തോര്‍ന്ന് ഇറങ്ങാനൊരുങ്ങുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍! 

"....സര്‍ സര്‍... ഇല്ലി നോ പാര്‍ക്കിംഗ് സാര്‍..."

എനിക്ക് ദേഷ്യമൊട്ടും തോന്നിയില്ല. ചിരിച്ചുകൊണ്ട് ഞാനുടനെ വണ്ടിയെടുത്തു അകലെയുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോള്‍  ഭാര്യയോട്‌ പറഞ്ഞു

"... സമ്മതിക്കാതെ വയ്യ നിങ്ങളുടെ നാട്ടിലെ ആളുകളെയും പോലീസുകാരെയുമൊക്കെ.."

എന്തേ എന്നവള്‍ ചോദിച്ചു. ഇതേ സംഭവം കേരളത്തില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍

"....ടോ ... വണ്ടിയെടുത്തു പോടോ....എന്താ, നോ പാര്‍ക്കിംഗ് ബോര്‍ഡ്‌ കണ്ടൂടെ ..."
എന്നായിരിക്കും പോലീസുകാരന്റെ  വചനം.

ഭാര്യ പൊട്ടിച്ചിരിക്കുമ്പോഴും എന്റെ ചിന്ത കേരളത്തെക്കുറിച്ചായിരുന്നു.
 
ഒരെണ്ണം കൂടി ഓര്‍മയില്‍ വരുന്നു. കോളജ് പഠനകാലത്ത് ഒരു ഓണാവധിക്ക് മൈസൂരിലേക്ക് കൂട്ടുകാരുമൊന്നിച്ചു വണ്ടി വിളിച്ചു പോയി. മൈസൂര്‍ നഗരത്തിന്റെ തിരക്കിലെത്തിയ ഡ്രൈവര്‍ക്ക് കണ്ഫ്യൂഷന്‍. കുറച്ചു പോലീസുകാര്‍ വണ്ടി തടഞ്ഞു നിര്‍ത്തിയപ്പോഴാണറിയുന്നത്‌ oneway നിയമം ലംഘിച്ചുവെന്നു. ഡ്രൈവര്‍ ഇറങ്ങി പ്രമാണങ്ങളൊക്കെയുമായി പോലീസുകാരെ ചെന്ന് കണ്ടു. ഞങ്ങള്‍ ആശങ്കയോടെ കാത്തിരിക്കുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍ ഒരു മിഠായിപ്പൊതിയുമായി  "...സ്വീറ്റ്സ്..." എന്നും പറഞ്ഞുകൊണ്ട്. അവിടെ ദസറ ആഘോഷമായിരുന്നു. മിഠായിയും തന്നു വേഗം വണ്ടി തിരിച്ചു പോയ്ക്കൊള്ളന്‍ പറഞ്ഞു. ഇതും കേരളത്തിലായിരുന്നെങ്കില്‍ പിഴയും ചീത്തയും തന്നെയാവും ഫലം.


"...നിയമസഭയില്‍ പ്രതിപക്ഷം അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഇറങ്ങിപ്പോയി..." 

ടി വി യിലെ വാര്‍ത്ത‍ അവതാരകന്‍  തുടരുകയാണ്...

ഭാര്യ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു...."

...ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ സ്ഥിരം തൊഴിലിത് തന്നെ..... ഇതൊക്കെ കൊട്ടിഘോഷിക്കാന്‍ ഇഷ്ടം പോലെ ചാനലുകാരുമുണ്ട് മലയാളത്തില്‍....

ഞാനും അവളുടെ പക്ഷം ചേര്‍ന്നു. ഇനിയും കൂടുതല്‍ നാണം കെടാന്‍ വയ്യ!