Tuesday, November 23, 2010

സഹവാസം


നാട്ടില്‍ പോകാന്‍ ഇനി എത്ര ദിവസമുണ്ടച്ഛാ ?


ചെറിയ മകന്റെ ചോദ്യം ദിനേന ആവര്‍ത്തിക്കുമ്പോള്‍ വിരസത തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ പറയും


" ഇനി ഒരാഴ്ച കൂടിയേ ഒള്ളൂ മോനെ...."


അവന്റെ ആവേശത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു.


കുറേ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ആ ദിനം വന്നെത്തി. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കൊടുവിലുള്ള യാത്ര മകനു മാത്രമല്ല, മകള്‍ക്കും ആവേശമായിരുന്നെങ്കിലും അവള്‍ അത് പ്രകടിപ്പിച്ചതേയില്ല.


ജിദ്ദയിലെ വിരസമായ ദിനരാത്രങ്ങള്‍ക്കും, സ്കൂള്‍ തുറക്കുന്നത് മുതല്‍ തുടങ്ങി, ക്ലാസ്സ്‌ തീരുന്നത് വരെ ഒന്നിന് മീതെ മറ്റൊന്നായി തുടരുന്ന പരീക്ഷണങ്ങള്‍ക്കുമൊടുവില്‍, ഒന്നര മാസം മുമ്പേ വാങ്ങിച്ചു വെച്ച എയര്‍ ഇന്ത്യടിക്കറ്റുമായി യാത്ര തുടങ്ങി. സമയനിഷ്ഠ തീരെയില്ലാത്ത എയര്‍ ഇന്ത്യയെ മാത്രം കുറ്റം പറഞ്ഞാല്‍ അത് പക്ഷപാതപരമായിപ്പോവും.


".... ടിക്കറ്റ്‌ എന്റെ കയ്യിലല്ലേ, പിന്നെങ്ങനെ തീവണ്ടി പോവും..." എന്ന് പണ്ടൊരാള്‍ പറഞ്ഞത് പോലെ, വൈകിയേ എത്തൂ എന്ന് നിര്‍ബന്ധമുള്ള യാത്രക്കരുണ്ടായാലും വിമാനം വൈകും.

പൊതുവേ വൈകിയുറങ്ങുന്ന ജെദ്ദ നഗരത്തില്‍ റംസാന്‍ മാസം വരുന്നതോടെ പകല്‍ രാത്രിയും രാത്രി പകലുമാകുന്നതിനാല്‍ ഉറക്കത്തിനു താളപ്പിഴകള്‍ വരുന്നു. യാത്ര ഇതോടനുബന്ധിച്ച്ചാകയാല്‍ നാട്ടില്‍ ചെന്ന ദിവസം രാത്രി എല്ലാവരും ഉറങ്ങാന്‍ പോയപ്പോള്‍ ഞങ്ങളും നിര്‍ബന്ദിതരായി, കൂട്ടത്തില്‍ യാത്രാക്ഷീണവും. കിടന്നയുടനെ എല്ലാവരും ഉറക്കത്തിന്റെ പിടിയിലമര്‍ന്നു. സുഖനിദ്ര.

എപ്പോഴോ ഉറക്കത്തിന്റെ ഇഴകള്‍ പോട്ടിപ്പോകുന്നതായറിഞ്ഞു. തോന്നലാകാം, തിരിഞ്ഞു കിടന്നു; മറിഞ്ഞു കിടന്നു; ഇല്ല ഉറക്കം അകന്നു തുടങ്ങിയിരിക്കുന്നു. അധികം അങ്ങനെ കിടക്കാനായില്ല. കണ്ണ് തുറന്നു ജനലിന്നു നേരെ നോക്കി. ഇല്ല നേരം തീരെ വെളുത്തിട്ടില്ല. പുറത്തു കൂരിരുട്ടു തന്നെ.


പ്ലഗ്ഗില്‍ ഇരിക്കുന്ന Good - nite  ന്റെ അരണ്ട വെളിച്ചത്തില്‍ മക്കളെയും ഭാര്യയെയും നോക്കിയപ്പോള്‍ എല്ലാവരും കണ്ണ് തുറന്നു കിടക്കുകയാണ്. ഞാന്‍ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മകന്റെ വക ഒരു ചിരിയും ചോദ്യവും "... അച്ഛന്റെയും ഉറക്കം കഴിഞ്ഞോ അഛാ ..!!!" അമ്മയുടെ മേലേക്കൂടെ മറിഞ്ഞു അവന്‍ എന്റെയരികില്‍ എത്തി.

".... ഏട്ടാ, വിശക്കുന്നു...." ഭാര്യ.


മക്കളും അതേറ്റു പിടിച്ചു.

എനിക്കും വിശക്കുന്നുണ്ടായിരുന്നു. സമയം നോക്കിയപ്പോള്‍ അമ്പരന്നു. മണി മൂന്നു കഴിഞ്ഞതേയുള്ളൂ! വിശ്വസിക്കാനായില്ല. അതെങ്ങനാ, എട്ടു മണിക്ക് കയറി കതകടച്ച്ചു കിടന്നാല്‍ പിന്നെ.


ഇവിടെയാവുമ്പോള്‍ രാത്രി പന്ത്രണ്ടിനും ഒന്നിനുമൊക്കെ കിടന്നാലും, അതിരാവിലെ അഞ്ചര മണിക്കെഴുന്നേറ്റു സ്കൂളില്‍ പോകുന്ന ശീലമല്ലേ. കഷ്ടി അഞ്ചു, ആറു മണിക്കൂര്‍ ഉറങ്ങിയാലായി.


ഏതായാലും, വിശക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് എഴുന്നേറ്റു ലൈറ്റിട്ടു. എനിക്ക് പിറകെ, ഭാര്യയും മക്കളുമെഴുന്നേറ്റു. തൊട്ടടുത്ത മുറിയില്‍ അമ്മ നല്ല ഉറക്കത്തിലാണ്. നേരെ വരിവരിയായി അടുക്കളയിലേക്ക്. ഭാര്യയുടെ കൂടെ മുതിര്‍ന്നവളായ മകള്‍ അടുക്കളയില്‍ കടന്നു ലൈറ്റിട്ടു. അവളുടെ കൂക്കി വിളി കേട്ടതും ഞാന്‍ പരിഭ്രമിച്ചു!


അടുക്കളയിലെത്തിയ എന്നെ സ്വാഗതം ചെയ്തത് ഒന്നു രണ്ടു ചൊറിത്തവളകള്‍. ചുമരിലേക്കു നോക്കിയപ്പോള്‍ അതാ അവിടെ മൂന്നാല് വലിയ പല്ലികള്‍, പ്രാണികള്‍ എന്നിവ. നേരത്തേ കുളിമുറിയില്‍ പോയപ്പോള്‍ അവിടെ വലിയ എട്ടുകാലിയെ കണ്ട് അവള്‍ ഇറങ്ങിയോടിയതാണ്. ഈവക ക്ഷുദ്ര ജീവികളെയൊന്നും നേരില്‍ കണ്ടു പരിചയമില്ലാത്തതിനാല്‍ മകള്‍ അന്താളിച്ചു ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ആകെ കണ്ടു പരിചയം, ഇവിടത്തെ ഫ്ലാറ്റിലെ വലിപ്പമില്ലാത്ത കൂറകളെയാണ്.


ഞാന്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു വച്ച്, . മാറാല അടിക്കുന്ന ചൂലെടുത്ത് തിരിച്ചു പിടിച്ച് തവളകളെ അവിടുന്നോടിക്കാന്‍ ഒരു ശ്രമം നടത്തി. ഒന്നിനെ വാതിലിന്റെ അടുത്തെത്തിച്ചതിനു ശേഷം മറ്റേതിന്റെ നേരെ അതേ പ്രയോഗം തന്നെ നടത്തുമ്പോഴേക്കും ആദ്ര്യത്തെ തവള രണ്ടു ചാട്ടം കൊണ്ട് ഉള്ളില്‍ തന്നെ എത്തി. ഒരു ഹോക്കി താരത്തിന്റെ വീറോടെ ഞാന്‍ രണ്ടു പേരെയും അവസാനം പുറത്തെത്തിച്ച്ചു. പല്ലികള്‍ ഞങ്ങളെയൊക്കെ അസമയത്ത് കണ്ടിട്ടാവണം, അല്പം ഒതുങ്ങി നിന്നു.


ഭാര്യ ഒരു ഉപ്പുമാവ് തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിലാണ്. അടുക്കി വച്ച പാത്രങ്ങളില്‍ ഒരെണ്ണം എടുത്തപ്പോള്‍ അതാ അതിനിടയില്‍ നിന്നുമോടുന്നൂ ഒരു പഴുതാര. പാത്രം ഇട്ടിട്ടവള്‍ ഒരലര്‍ച്ചയോടെ മാറി നിന്നു - അറപ്പോടെ.


പഴുതാരയെതെടി ഞാന്‍ പാത്രങ്ങള്‍ക്കിടയില്‍ റിലേ നടത്തി അവസാനം അതിനെ കശാപ്പു ചെയ്തു എന്നുറപ്പ് വരുത്തിയതിനു ശേഷമേ അവള്‍ തിരിച്ചു വന്നുള്ളൂ.


ഉപ്പുമാവ് തിന്നുന്ന വേളയില്‍ മകള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഇനിയാരെങ്കിലും സന്ദര്‍ശനത്തിന് വരുന്നുണ്ടോ എന്ന്.


കൂട്ടത്തില്‍, ഇതിലൊക്കെ ഇത്തിരി താല്‍പ്പര്യം പ്രകടിപ്പിച്ച മകന്‍ ചോദിച്ചു "എന്താ അച്ഛാ തവളയും, തേളുമൊക്കെ നമ്മളെ വീട്ടിനകത്ത് " ?

"... മോനേ, അച്ഛന്‍ ഈ വീട്ടിലാണ് ജനിച്ചതും, കളിച്ചതും, വളര്‍ന്നതുമൊക്കെ. ഈ മിണ്ടാപ്രാണികളുമായൊക്കെ ‍ ഞങ്ങള്‍ നല്ല സഹാവാസത്തിലാണ് കഴിഞ്ഞിരുന്നത്. അപ്പോള്‍ പിന്നെ അവ വരുന്നതിനെ കുറ്റം പറയാനൊക്കുമോ. മഴക്കാലമായാല്‍ ഈവകയൊക്കെ കയറി വരും. അവ നമ്മെ ഉപദ്രവിക്കില്ല കേട്ടോ....."


ഭാര്യയും മകളും അത്ഭുതത്തോടെ എന്റെ മുഖംത്തേക്ക് നോക്കി, പിന്നെ പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. ഒപ്പം ഞാനും കൂടി. കാര്യത്തിന്റെ കിടപ്പ് പിടി കിട്ടിയില്ലെങ്കിലും, മകനും ഞങ്ങളോടൊപ്പം ചേര്‍ന്നു. പിന്നെ എല്ലാവരും ഉപ്പുമാവ് കഴിച്ചു കിടന്നു സുഖമായുറങ്ങി.