Monday, February 24, 2014

അപമാനിതന്‍
സുന്ദരിയായൊരു പെണ്ണും നിങ്ങളും മാത്രമുള്ള ഒരു ലിഫ്റ്റ്‌ (elevator) താഴോട്ടോ, മേലോട്ടോ ഉള്ള യാത്രയില്‍ തകരാറായി ഇടയിലെവിടെയോ പെട്ടന്നു നിന്നു പോകുന്നത് ഇന്ത്യന്‍ സിനിമയില്‍ മാത്രമേ കാണാനൊക്കൂ!
യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊന്നു സ്വപ്നം കണ്ടാല്‍ മാത്രം മതിയാവും. പറഞ്ഞു വരുന്നത് പക്ഷേ അതിനെക്കുറിച്ചൊന്നുമല്ല.

 
അന്നൊരുനാള്‍ ജോലി കഴിഞ്ഞു മടങ്ങവേ പതിനൊന്നാം നിലയിലേക്കു വിളിച്ച ലിഫ്റ്റില്‍ കയറി G അമര്‍ത്തിയ അയാള്‍ക്ക്‌ ഓക്കാനം വന്നു. ഏതോ മുഷിഞ്ഞു നാറിയ ആള്‍ കയറിയിറങ്ങിയതിന്റെ ഫലം....അയാളുടെ ചീഞ്ഞ വിയര്‍പ്പിന്റെയും, ശ്വാസത്തിന്റെയും ഗന്ധം ലിഫ്റ്റിലാകെ നിറഞ്ഞു നിന്നിരുന്നു. അപ്പോഴേക്കും പക്ഷേ ലിഫ്റ്റ്‌ ഇറങ്ങിത്തുടങ്ങിയിരുന്നു. അയാള്‍ മൂക്ക് പൊത്തി.
എഴില്‍ ഒന്ന് നിന്നു...രണ്ടാളുകള്‍ കയറി. കയറിയ രണ്ടു പേരും അയാളെ ഒന്ന് നോക്കി...കൈവിരലുകള്‍ യാന്ത്രികമായി മൂക്ക് പൊത്തിക്കൊണ്ട് അവജ്ഞ്ചയോടെ! 
കൈ മൂക്കില്‍ നിന്നും മാറ്റിക്കൊണ്ട് ഇളിഭ്യനായി അയാള്‍ നിന്നു. താഴെ എത്തിയതും, വാതില്‍ തുറന്നതും പിറകെ കയറിയ രണ്ടു പേരും രക്ഷപ്പെടുകയായിരുന്നു.
ഇന്നിതാ വീണ്ടും ഒരവസരം.... ജോലി കഴിഞ്ഞ് പതിനൊന്നാം നിലയില്‍ ലിഫ്റ്റിനായി വിരലമര്‍ത്തി അയാള്‍ കാത്തു നില്‍ക്കയാണ്‌. എത്തിയതും കയറി G അമര്‍ത്തി. വാതിലടഞ്ഞു ലിഫ്റ്റ്‌ താഴേക്കു നീങ്ങിത്തുടങ്ങിയതും അയാള്‍ക്ക്‌ തൊട്ടു മുമ്പെ ഏതോ ഒരു പാപി കയറിയിറങ്ങി തന്റെ ശരീരദുര്‍ഗ്ഗന്ധം ഉപേക്ഷിച്ച ആ കൊച്ചു മുറിയില്‍ പെട്ടന്നയാള്‍ ഉണര്‍ന്നു.
തന്റേതല്ലാത്ത കുറ്റത്തിന് ഇനിയും മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനാവാന്‍ വയ്യ.
ഉടനെ തന്നെ ലിഫ്റ്റ്‌ ഇടയിലൊരു നിലയില്‍ നിര്‍ത്തി അയാള്‍ ധൃതിയില്‍ പുറത്തിറങ്ങി.
പിന്നെ മറ്റൊരു ലിഫ്റ്റിനായി വിരലമര്‍ത്തി കാത്തിരുന്നു.
***********

Monday, October 28, 2013

യാത്രയിലെ കാര്യങ്ങള്‍

കോഴിക്കോട്ടുനിന്നും ബാംഗ്ലൂര്‍ വരെ ഒരു സെല്‍ഫ് കാര്‍ ഡ്രൈവ് എന്റെ അജണ്ടയിലുണ്ടായിരുന്നേയില്ല- തികച്ചും യാദൃശ്ചികമായി കാര്യങ്ങള്‍ അതിലേക്കു വന്നു ഭവിക്കുകയാണുണ്ടായത്.

കാര്യങ്ങള്‍ എന്നു പറയുമ്പോള്‍ നമ്മള്‍ മലയാളികളുടെ നിസ്സംഗത, കാര്യങ്ങളെ വളരെ നിസ്സാരവല്‍ക്കരിക്കുന്ന പ്രവണത, അലംഭാവം - ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ കുതിരവട്ടം പപ്പു പറഞ്ഞതു  പോലെ :

"....പ്പ ശര്യാക്കിത്തരാം...." എന്ന ഓവര്‍ കോണ്‍ഫിഡന്‍സ്.

വരാമെന്നേറ്റ ഡ്രൈവര്‍ ഒരു മണിക്കൂര്‍ നേരം വെറുതേ കാത്തിരുപ്പിച്ച ശേഷം വിളിച്ചു പറയുന്നൂ,

 "....ഒരു സുഹൃത്തിന്റെ ചേട്ടനെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകാനുണ്ട്, ഉച്ച വരെ വരാനൊക്കില്ല..."

പിന്നെ വൈകിയില്ല, വള്ളിക്കുന്നിലെ വീട്ടില്‍ നിന്നും വണ്ടിയെടുത്ത് നേരെ കോഴിക്കോട്ടു ചേട്ടന്റെ വീട്ടിലേക്ക് - "ഹലോ ഡ്രൈവേഴ്സില്‍" വിളിച്ചാല്‍ ഇഷ്ടം പോലെ ഡ്രൈവര്‍മാരെ കിട്ടും എന്ന ചേട്ടന്റെ ഉറപ്പു കേട്ടുകൊണ്ട്.

കോഴിക്കോട്ടെത്തിയതും വിളിച്ചു...

".....ഹല്ലോ ഡ്രൈവേഴ്സ് അല്ലേ?...."

"....അതെ..."

"....ബാംഗ്ലൂര്‍ വരെ പോകാന്‍ ഒരു ഡ്രൈവറെ വേണ്ടിയിരുന്നു...."

"....എന്നത്തേക്കാണ്?..."

"....ഇന്ന്, ഇപ്പോള്‍ പോകാനാണ്...."

"....ഇപ്പോള്‍ ഇല്ല....."

"....താങ്ക്സ്...." , എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. പിന്നെ ഒട്ടും വൈകിയില്ല,

പെട്ടിയും, കുറെ തേങ്ങയും ഒക്കെയെടുത്ത് കാറില്‍ കയറ്റി ഞങ്ങള്‍ - ഭാര്യ, മകള്‍, മകന്‍, ഞാന്‍ - 11 മണിക്ക് കാരപ്പറമ്പില്‍ നിന്നും  യാത്ര തുടങ്ങി. മലാപ്പറമ്പ്, കുന്നമംഗലം, കൊടുവള്ളി, കല്‍പ്പറ്റ,  അടിവാരം, താമരശ്ശേരി ചുരം, ഗുണ്ടല്‍പെട്ട്, മൈസൂര്‍, വഴി.... ബാംഗ്ലൂര്‍ക്ക്.

സുല്‍ത്താന്‍ ബത്തേരി എത്തിയപ്പോള്‍ സമയം 1:30 മണിയായി എന്നതുകൊണ്ടും, ഇനി മൈസൂര്‍ എത്തുമ്പോഴേക്കും സമയം അതിക്രമിക്കും എന്നതുകൊണ്ടും ഭാര്യയുടെ സജെഷന്‍:

 "നമുക്ക് ഭക്ഷണം കഴിച്ചിട്ടു പോകാം".

***********
വലിയ പെരുന്നാള്‍ ദിനമായിരുന്നതുകൊണ്ട് പ്രിയസുഹൃത്ത് നസീര്‍ രാവിലെ തന്നെ കൊണ്ട് വന്ന ചൂട് പുട്ടും കോഴിക്കറിയും വേണ്ടുവോളം തട്ടിയിരുന്നു.

ഒപ്പം ഏടത്തിയമ്മയുടെ ചെറുപയര്‍ കറിയും, പഴം പുഴുങ്ങിയതും - അതിനാല്‍ വിശപ്പ്‌ എന്നെ തീരെ പിടി കൂടിയിരുന്നില്ല. 

************

ഇപ്പോള്‍ കഴിക്കണോ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും അത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും, വില കുറഞ്ഞതുമായ ഒരു കാര്യവുമായിപ്പോകില്ലേ എന്ന ചിന്തയാല്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹോട്ടലില്‍ കയറി.

മക്കളും ഭാര്യയും കോഴി ബിരിയാണിയും, ഈയുള്ളവന്‍  ഊണും ഓര്‍ഡര്‍ ചെയ്തു. ആവശ്യത്തിലധികം ചോറും, പിന്നെ ബിരിയാണികളുടെ പരമ്പരയുടെ പുനപ്രേക്ഷണമായതിന്റെ ക്ഷീണവും കാരണം മക്കള്‍ക്കും ഭാര്യക്കും പോളിംഗ് വേണ്ടത്ര പോര. ഊണിനാണെങ്കില്‍ സ്വാദ് തീരെ കുറവ്. മൊത്തത്തില്‍ ഒരു വേണ്ടായ. പാര്‍സല്‍ ചെയ്തെടുക്കാമെന്ന് മകള്‍ -

"....വേണ്ട, എത്തുമ്പോഴേക്കും ചീത്തയായിപ്പോകും..." എന്ന്  ഞാന്‍.

നൂറിന്റെ  ഏതാനും നോട്ടുകള്‍ നഷ്ടമായത് മാത്രം മിച്ചം. എങ്കിലും ഭാര്യയും മക്കളും ഹാപ്പി.


സമയം 2:10. ബത്തേരിയില്‍ നിന്നും യാത്ര തുടര്‍ന്നു. വഴിയില്‍ ചുരത്തിന്റെ ഏറ്റവും മുകളിലെത്തുമ്പോള്‍ കാര്‍ നിര്‍ത്തണമെന്ന മക്കളുടെ മുന്‍കൂട്ടിയുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ വേണ്ടി അല്‍പനേരം നിര്‍ത്തി - മക്കളുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി വളരെ പെട്ടന്ന് തന്നെ തിരികെ കാറില്‍ കയറാനോരുങ്ങുമ്പോള്‍ ഭാര്യ:

 "ഇത്ര വേഗം കഴിഞ്ഞോ? ഞാനൊന്നു റെഡിയായി ഇറങ്ങാനൊരുങ്ങുകയായിരുന്നു...

"Bi, we are getting late...ബാന്ഗ്ലൂരെത്ത്യാല്‍ നിയ്ക്ക് ശരിക്ക് വഴ്യറ്യൂലാന്നറ്യാലോ........ഇരുട്ടുമ്പോഴേക്കവിട്യെത്തണം.."

 

അങ്ങനെ യാത്ര തുടര്‍ന്നു. കാട്ടിലെത്തുന്നതിനും എത്രയോ മുന്നേ തന്നെ മകന്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നൂ,

"നമ്മള്‍ അനിമല്‍സിനെ കാണ്വോ അച്ഛാ..."

"...പിന്നേ...    തീര്‍ച്ചയായും... "

അവനെ ഒന്ന് ഉഷാറാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

പിന്നീടങ്ങോട്ട് മകന്‍ ഇടത്തോട്ടും, മകള്‍ വലത്തോട്ടും കണ്ണ് കൂര്‍പ്പിച്ചിരിപ്പായിരുന്നു. കൂട്ടത്തില്‍ ഞാനും. കാര്‍ നല്ല വേഗത്തിലാണ്. ഇടയ്ക്കെങ്ങോ മകള്‍:

"സ്റ്റോപ്പ്‌.....     ദാ മാന്‍" എന്ന് പറഞ്ഞെങ്കിലും തമാശയെന്ന് കരുതി ഞാന്‍ നിര്‍ത്താതെ വിട്ടു.

" I swear അച്ഛാ" എന്നവള്‍...

പക്ഷെ അപ്പോഴേക്കും കാര്‍ കുറേ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. തിരിച്ചു വരാനുള്ള വിമ്മിഷ്ടം, സമയനഷ്ടത്തെക്കുറിച്ചുള്ള ബോധം എന്നിവ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.

മകന്‍ പരാതി പറഞ്ഞു...

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഇത്തവണ മകന്റെ ഊഴമായിരുന്നു. അവന്‍ വലിയ ഒരു മാനിനെ കണ്ടത്രെ!

പക്ഷെ കാര്‍ വളരെ വേഗത്തിലായിരുന്നതുകൊണ്ടിത്തവണയും എനിക്ക് സമയത്തിന് നിര്‍ത്താനായില്ല.മൈസൂര്‍ പിന്നിടുക എന്നത് മാത്രമായിരുന്നൂ എന്റെ ഉടനെയുള്ള ലക്‌ഷ്യം.

മകന്‍ എന്തൊക്കെയോ പരിതപിക്കുന്നുണ്ടായിരുന്നു. റെഡിയായി ഫോക്കസ് ചെയ്ത ക്യാമറയില്‍ പകര്‍ന്നത് മാനിനു പകരം പശുവായത് മിച്ചം.മൈസൂരിലേക്കുള്ള റോഡിലൂടെ ഓടിച്ചു പോകുമ്പോള്‍, പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബസില്‍ എക്സ്കര്ഷന്‍ പോയപ്പോള്‍ രസികനായ ഒരധ്യാപകന്‍ - കിലോമീറ്ററോളം നീളത്തില്‍  വളവുകളില്ലാതെ നേരെ നീണ്ടുകിടക്കുന്ന റോഡു കണ്ടിട്ട് -

"...സ്ട്രെയിറ്റ് റോഡ്...സ്ട്രെയിറ്റ് റോഡ്...."

എന്ന് സ്വതവേയുള്ള അദ്ധേഹത്തിന്റെ കിളിനാദത്തില്‍ പറഞ്ഞപ്പോള്‍ ഞങ്ങളൊക്കെ ചിരിച്ച കഥ പറഞ്ഞുകൊണ്ട് വണ്ടി പൊയ്ക്കൊണ്ടിരുന്നു.

വഴിയില്‍ തോട്ടത്തില്‍ നിന്നും മലക്കറികള്‍ പറിച്ചു കൊണ്ട് വന്നു റോഡരികില്‍ വില്‍പ്പന നടത്തുന്ന കൃഷിക്കാര്‍. പുത്തന്‍ പച്ചക്കറികള്‍ കണ്ടപ്പോള്‍ ഭാര്യയുടെ ഹൃദയം ത്രസിച്ചു. അവളുടെ ആഗ്രഹം എല്ലാവരുടെയും ആവശ്യത്തിനും കൂടി വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വണ്ടി ഓരത്ത് നിര്‍ത്തി. തക്കാളിയും, വെണ്ടക്കയും, പയറും, മത്തനും, ഒക്കെ കുറേശ്ശെ വാങ്ങി.
 
അപ്പോഴേക്കും മക്കള്‍ കാറില്‍നിന്നിറങ്ങി ഒരു ഫോട്ടോ സെഷന്‍ കഴിഞ്ഞിരുന്നു.

 
 യാത്ര തുടര്‍ന്നു.

വഴി തെറ്റാതെ മൈസൂര്‍ ഒരു വിധം കടന്ന് സില്‍ക്ക് റോഡില്‍ പ്രവേശിച്ചു. വളവുകളില്ലാത്ത റോഡിലൂടെയും പിന്നെ സില്‍ക്ക് റോഡിലൂടെയും ആത്യാ വശ്യം നല്ല സ്പീഡില്‍ തന്നെ ഓടിച്ചിരുന്നു.

ഹൈവേയിലൂടെ ഓടിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇന്ത്യയിലെവിടെയും വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. മറി കടക്കുന്ന വാഹനങ്ങള്‍ വലതു വശത്തുകൂടെ വേണം മറി കടക്കാന്‍. എന്നാല്‍ ഇന്ത്യന്‍ ഹൈവേകളില്‍ നിയമം വാഹനങ്ങളിലെ വിവരമില്ലാത്ത, അഹങ്കാരികളായ ഡ്രൈവര്‍മാരുടേതാണ്  എന്ന് തോന്നുന്നു. വലതു ഭാഗം ചേര്‍ന്നേ അവിടെ വണ്ടികള്‍ - വേഗത്തിലോടുന്നതോ മറിച്ചോ ഉള്ളവ - ഓടൂ...മറി കടക്കേണ്ട വാഹങ്ങള്‍ പിറകില്‍ നിന്നും ഹോണ്‍ മുഴക്കിയിട്ടൊരു കാര്യവുമില്ല. ആരും മാറിത്തരില്ല.
പകരം വേഗത്തില്‍ പോകേണ്ടവര്‍ ഇടതു ഭാഗത്ത്‌ കൂടെ മറി കടക്കേണ്ട ഗതി കേടാണ്.

ഗള്‍ഫു നാടുകളില്‍ വണ്ടിയോടിച്ചു പരിചയിച്ചവര്‍ക്കാണെങ്കില്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇത്തരം വണ്ടി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യം വരിക സ്വാഭാവികം.

എങ്ങനെയെങ്കിലും ബംഗ്ലൂര്‍ സിറ്റിയില്‍ രാത്രി 7 മണിയോടെ പ്രവേശിച്ചു.

ഇനിയാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ഒരു റോഡ്‌ മാറിപ്പോയാല്‍ സമയം വളരെ നഷ്ടമാകും. നിര്‍ത്തി നിര്‍ത്തി ആളുകളോട് വഴി ചോദിച്ചാണ് മുന്നേറിയത്. എന്നിട്ടും ഒന്ന് രണ്ടു തവണ റോഡു മാറിപ്പോയി.

സിറ്റിയിലൊരിടത്ത് ഒരു പോലീസുകാരനോടാണവസാനമായി വഴി ചോദിച്ചത്.

"....MG road please....."

ചോദിക്കേണ്ട താമസം, വളരെ ശുഭാപ്തി വിശ്വാസത്തോടെ അദ്ധേഹം:

"....LEFTER from the circle and then second RIGHTER...and straight..."

"Thank you...."

ഇതാണ് എനിക്ക് ബാംഗ്ലൂര് പോലീസുകാരോടുള്ള പ്രിയം. Respect to the public‌. നമ്മുടെ പോലീസുകാര്‍ക്കില്ലാത്തതും അതാണ്‌.

ഭാര്യ പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയിരുന്നു.

വളരെ വ്യക്തം .... എത്ര സിമ്പിള്‍ ആയി, കൃത്യമായി വഴി പറഞ്ഞു തന്നൂ ആ പോലീസുകാരന്‍...

I still love Bangalore police..... ഞാന്‍ ഭാര്യയോടു പറഞ്ഞു.

ഭാര്യ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.


പെട്ടന്നാണെനിക്ക്  സംശയം തോന്നിയത്.

LEFTER - RIGHTER എന്നത് പോലീസുകാരുടെ മാത്രം പ്രയോഗമോ അതോ ഇംഗ്ലീഷില് അങ്ങനെയുള്ള പ്രയോഗങ്ങള്‍ ട്രാഫിക്കില്‍ ഉപയോഗിക്കാറുണ്ടോ?

ഭാര്യക്ക് ചിരിയടക്കാനാവുന്നില്ല.

കാര്യം പോടുന്നനെയാണെന്റെ മനസ്സിലേക്ക് വന്നത്.  വളരെ മുമ്പ് തന്നെ ഈ കാര്യത്തെക്കുറിച്ച് ചര്ച്ചയുണ്ടായതാണ്.

പോലീസുകാരന്‍ പറഞ്ഞത് lefter...righter...എന്നല്ല... മറിച്ചു് left turn ....right turn എന്നാണ്!!! പക്ഷേ അദ്ധേഹം അത് ഉച്ചരിച്ചത് ".....ലെഫ്റ്റ് ടര്‍ണ്‍.....റൈറ്റ് ടര്‍ണ്‍.........". കര്‍ണ്ണാടകയില്‍ പൊതുവെ ആളുകള്‍  'R' silent ആകേണ്ടിടത്ത് അതിനു ഉച്ചാരണം നല്‍കുക പതിവാണ്. (ഒരിക്കലും ഒരു ആക്ഷേപമായി ഇതിനെ ഞാന്‍ കാണുന്നില്ലാ ട്ടോ...)

ഹോ!! ന്നാലും ഈ "ടര്‍ണ്‍" പ്രയോഗം ഇത്ര തീവ്രമാണെന്നറിഞ്ഞിരുന്നില്ല!!

ഇപ്പോള്‍ മക്കള്‍ രണ്ടുപേരും അമ്മയോടൊപ്പം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി...ഒപ്പം ഞാനും...

അതിനിടയില്‍ വണ്ടി വീട്ടിലെത്തിയതറിഞ്ഞില്ല.

 

Saturday, May 25, 2013

ജഗദീഷിന് ഒരു തുറന്ന കത്ത്...


മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വിതരണം താങ്കൾ ഏറ്റെടുത്തതിൽ ഞങ്ങൾ കുറേപ്പേരെങ്കിലും തികഞ്ഞ ആവലാതിയിലാണ്. കാരണം മറ്റൊന്നുമല്ല, ഞെക്കിപ്പിഴിഞ്ഞു വരുത്തേണ്ട ഒന്നല്ല ഹാസ്യം എന്നത് പ്രധാനമായതുകൊണ്ടും പിന്നെ സാന്ദര്ഭികമായി കേള്ക്കുമ്പോഴോ കാണുമ്പോഴോ ഒക്കെ മാത്രമേ ഹാസ്യം അതിന്റെ പൂര്ണമായ രൂപത്തിൽ ആസ്വാദന മാവുകയുള്ളൂ എന്നത് പരമ പ്രധാനമായാത് എന്നുള്ളതും കൊണ്ടൊക്കെ തന്നെ.
 
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ഹാസ്യ പരിപാടി ഏറ്റെടുത്ത് നടത്തി വരികയാണല്ലോ താങ്കൾ കഴിഞ്ഞ കുറെ വര്ഷങ്ങളായി. ആദ്യമാദ്യമൊക്കെ നിലവാരം പുലര്ത്തിയിരുന്ന പ്രസ്തുത പരിപാടി പിന്നെപ്പിന്നെ തറ നിലവാരത്തിലേക്ക് കൂപ്പു കുത്തിയപ്പോഴും കാണാൻ വിധിക്കപ്പെട്ട കേരളത്തിലെ പൊതുജനങ്ങള്ക്ക് പുറമേ, പങ്കെടുക്കുന്ന കലാകാരന്മാർക്കു വരെ താല്പ്പര്യമില്ലാത്ത അവസ്ഥ വരെ സംജാതമായപ്പോൾ ഏഷ്യാനെറ്റിനോടുള്ള ഉത്തരവാദിത്ത്വത്തിന്റെ പേരിൽ മാത്രം തുടരുവാൻ നിര്ബന്ധിതരായ പ്പോഴും ഈ പരിപാടി എന്തുകൊണ്ട് ഫൈനലിൽ എത്തുന്നില്ല അല്ലെങ്കിൽ എത്തിക്കുന്നില്ല എന്ന് ഞങ്ങൾ പലവട്ടം അത്ഭുതപ്പെട്ടിട്ടുണ്ട് എന്ന കാര്യം അറിയിക്കാട്ടെ. അവസാനം മൂന്നു മൂന്നരക്കൊല്ലത്തിന്റെയൊടുവിൽ ഫൈനൽ നടത്തിയപ്പോൾ അതിലും താങ്കളുടെ വളഞ്ഞ സ്വാധീനം കഴിവുള്ള ടീമുകളെ തഴഞ്ഞു മറ്റുള്ളവര്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ താങ്കളിലുള്ള വിശ്വാസം പാടേ അസ്തമിച്ചു.


ഇതിനിടയിൽ സ്വതവേ കൌശല ക്കാരനായ താങ്കൾ മറ്റൊരു സൂത്രവുമൊപ്പിച്ചു. ആദ്യത്തെ സ്റ്റാർസിനെ തിരഞ്ഞെടുക്കുന്ന ഫൈനൽ മത്സരം വരുന്നതിനു മുമ്പു തന്നെ നിങ്ങൾ "സൂപ്പർ കോമഡി" എന്ന പേരിൽ രണ്ടാമതും ഒരു തറ കോമഡി ഷോ തുടങ്ങി വച്ചു മനുഷ്യനെ കൊല്ലാക്കൊല ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ പഴയ വലിപ്പിനോരു രണ്ടാം കാലവും!! (season 2).
 
കുറ്റം പറയരുതല്ലോ, സിനിമയിലോ വേഷങ്ങളൊന്നും കാര്യമായില്ല! പിന്നെ വാദ്ധ്യാരു പണി (അത് ചെയ്തിരുന്നോ ആവോ?) യിൽ നിന്നും പിരിയുകയും ചെയ്തു. അപ്പോൾ പിന്നെ നിത്യവും ആളുകളുടെ മുമ്പിൽ പ്രത്യേകിച്ചു ചിലവൊന്നും കൂടാതെ മുഖം കാണിക്കാൻ കിട്ടുന്ന അവസരം - അതും സാമാന്യം ഭേദപ്പെട്ട വരുമാനത്തോടെ - വെറുതെയെന്തിനു പാഴാക്കണം അല്ലേ? ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന താങ്കൾക്ക് ആവശ്യമുള്ളപ്പോൾ പോലും ചിരിക്കാത്ത ഒരു പ്രൊഡ്യൂസറുടെ കൂട്ടും നല്ല വളമായിരുന്നു! ഫലമോ? കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വന്നു. ഈ വളിപ്പിനൊരവസാനമില്ലേ എന്ന് കണ്ടവർ കണ്ടവർ പറഞ്ഞു തുടങ്ങി.
 
ഞങ്ങൾ പ്രേക്ഷകർ നല്ല കോമഡിയെ ഇഷ്ടപ്പെടുന്നവരാണ്. ഉദാ: കൈരളിയിൽ കെ. എസ്. പ്രസാദിന്റെ "കോമഡിയും മിമിക്സും പിന്നെ ഞാനും", ഇപ്പോൾ മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന "കോമഡി ഫെസ്റിവൽ" പിന്നെ ജയരാജ്‌ വാര്യർ, രമേഷ്‌ പിഷാരടി തുടങ്ങിയ വർ തന്നെ ഞങ്ങള്ക്ക് ധാരാളം. അതിനിടയിൽ ഓണത്തിനിടയ്ക്കു പുട്ടുകച്ച്ചവടം എന്നെ കണക്കെ താങ്കളും മറ്റും പടച്ചു വിടുന്ന കോമഡി പ്രഹസനം കണ്ടു ഞങ്ങള്ക്ക് ചിരിയല്ല മറിച്ച് കരച്ചിലാണ് വരുന്നത് എന്നറിയിച്ചു കൊള്ളട്ടെ. 
 
കൂട്ടത്തിൽ ഒരു പ്രത്യേക കാര്യം താങ്കളുടെ സമക്ഷത്തിലേക്ക് ഉണര്തിക്കട്ടെ: "എനിക്ക് ശേഷം പ്രളയം" എന്ന ചിന്തയാണോ താങ്കള്ക്കും? സിനിമ എന്നൊരു വ്യവസായത്തിലൂടെ പേരെടുത്ത ഒരു വ്യകതിയാണല്ലോ താങ്കളും.സിനിമയിൽ സാന്ദർഭികമായി വരുന്ന - കാണുന്ന- കേള്ക്കുന്ന- തമാശകളുടെ ഒരു രസം, സുഖം, ഒന്ന് വേറെ തന്നെയാണെന്ന് ഞാൻ പറയാതെ തന്നെയറിയാമെന്നു കരുതുന്നു. താങ്കൾ ഇങ്ങനെ കോമഡി പൊറാട്ടു നാടകം പടച്ചു വിട്ട് അതിലെ മത്സരാർഥികൾ രാവും പകലും ഉറക്കമിളച്ച് പടച്ചു വിടുന്ന തമാശകളിൽ വല്ലപ്പോഴും ചില നല്ല തമാശകളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അത് കേട്ട് ആളുകള് ചിര്ക്കാറുമുണ്ട്. പക്ഷേ, ഈയൊരു പ്രവൃത്തിയിലൂടെ താങ്കൾ ചെയ്യുന്നത് ഇനി ഭാവിയിൽ വരാനിരിക്കുന്ന അനേകം സിനിമകള്ക്ക് ഹാസ്യദാരിദ്ര്യമാണ് എന്ന് ഓര്മിപ്പിച്ചു കൊള്ളട്ടെ.അല്ലാതെ മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വ്യാപാരം ഏറ്റെടുക്കാനുള്ള താങ്കളുടെ പദ്ധതി അതിന്റെ ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് താങ്കളോട് തോന്നുന്നത് ഒന്നു മാത്രം - സഹതാപം. ഇനിയെങ്കിലും 'ഹാസ്യം' എന്ന പേരിലുള്ള ഈ 'കാക്ക കാഷ്ടം' ജനങ്ങളുടെ മേൽ തെറിപ്പിക്കാതെ!!!

Sunday, March 10, 2013

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...


തലോടുന്ന കൈകൊണ്ടു തന്നെ തല്ലുക എന്നൊരേര്‍പ്പാടുണ്ട്‌. കേരളനാടും മലയാളത്താന്മാരും ഇതില്‍ പ്രഗല്ഭാരാണ്.

"ഒരു പെണ്‍കുട്ടി, തന്നെ അസഭ്യം പറഞ്ഞ മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചു നിരത്തി" എന്ന് വാര്‍ത്ത വന്നപ്പോഴേക്കും നമ്മള്‍ അഭിമാന പുളകിതരായി; കണ്ണില്‍ക്കണ്ടാവരോടൊക്കെ സ്വാഭിമാനം കഥ പങ്കു വച്ചു. മാധ്യമങ്ങള്‍ വെണ്ടക്കയും ബ്രെയ്കിംഗ് ന്യുസുമൊക്കെ നിരത്തി. ലൈവ് ഇന്റര്‍വ്യൂ, ചര്‍ച്ചകള്‍ തുടങ്ങിയ കലാപരിപാടികളുമായി രംഗത്ത് വന്നു. മാധ്യമങ്ങളെ സംബന്ദിച്ചിടത്തോളം തല്‍കാല നിവൃത്തിക്ക് മുന്നില്‍ കാണുന്നതെന്തും റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാത്രമാണ് പതിവ്. നിലനില്‍പ്പാണല്ലോ പ്രശ്നം. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നത് നവധാര മാധ്യമങ്ങളെ സംബധിച്ചിടത്തോളം എത്ര മാത്രം പ്രശ്നമാണ് എന്നത് ഇനിയും കണ്ടരിയെണ്ടതുണ്ട്. ഇന്നത്തെ സത്യമായ വാര്‍ത്ത നാളത്തെ കള്ളമായി വരുമ്പോഴും തുല്യ പ്രാധാന്യത്തോടെ അഥവാ ഇത്തിരി കടന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാം. അത്തരത്തില്‍ പെട്ട ഒരു വാര്‍ത്തയാണ് അമൃത എന്ന പെന്കുട്ടിയുടെതായി ഇപ്പോള്‍ വന്ന വാര്‍ത്ത. തന്നെ ശല്യം ചെയ്യാന്‍ വന്ന മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചോടിച്ച ധീരയായ യുവതിയായി അമൃത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന്. ജനമനസ്സുകളിലും. സംഭവം കേള്‍ക്കാനും കേള്‍പ്പിക്കാനും മാധ്യമങ്ങള്‍ അവളെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തി. സംഭവം വിവരിക്കാന്‍ അവള്‍ ഉത്സുകയായി. കേട്ടവര്‍ കേട്ടവര്‍ അദ്ഭുത പരതന്ത്രരായി. ഒരു പെണ്ണിന് ഒരാണിനെയൊക്കെ അടിച്ചു നിലം പരിശാക്കനായേക്കം - പക്ഷെ നാല് പേരെ അടിച്ചു നിലം പരിശാക്കിയതെങ്ങനെ. ആരെങ്കിലുമൊക്കെ വിശ്വസിച്ചു കാണുമായിരിക്കാം. പോട്ടെ, ഒരാണിന് എത്ര പേരെ അടിച്ചോടിക്കാന്‍ കഴിയും. ഇത്തിരി ധൈര്യവും തടിമിടുക്കുമുന്ടെങ്കില്‍ ഒന്ന് രണ്ടു പേരെയൊക്കെ ആവാം. അതില്‍ കൂടുതല്‍ പേരെ സിനിമയിലെ അതിമാനുഷ നായകന്മാര്ക്കേ കഴിയൂ.
മാധ്യമങ്ങള്‍, ജനങ്ങള്‍, വനിതാ സംഘടനകള്‍ എന്ന് വേണ്ട, സകലരും അമൃതയെ വാഴ്ത്തി ധീരയായി പ്രഖ്യാപിച്ചു. അമൃതയും വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഞാന്‍ തന്നെ എന്ന് ഇത്തിരി അഹങ്കരിച്ചു. ജനങ്ങള്‍ ഫേസ് ബുക്കിലൂടെയും മറ്റും അമൃതയെ വാനോളം പുകഴ്ത്തി. അവള്‍ താരമായി. "...കണ്ടോടാ , ഞങ്ങളുടെ കേരളത്തിലെ ‍ ധീര വനിതയെ..." എന്നൊക്കെ പുകഴ്ത്തി. മാധ്യമം അവരുടെ ധര്‍മം പാലിക്കനമല്ലോ!

വിവരാവകാശ ധര്മത്തെ ക്കുറിച്ചു അവര്‍ക്കിപ്പോഴേ ബോധമുദിച്ചുള്ളൂ. ഉടനെ ലഭ്യമാക്കി പ്രസ്തുത സംഭവത്തിന്റെ (ആവോ??) സി സി ക്യാമറ ദൃശ്യങ്ങള്‍. വ്യക്തമല്ലെങ്കിലും ഒരു യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് മര്ധിക്കുന്നുണ്ട് - ഒരു പെണ്ണ് അങ്ങോട്ട്‌ നടന്നടുക്കുന്നു. അവിടെ അടികൊണ്ട ഒരുത്തനെ പിടിച്ചവള്‍ തള്ളുന്നു. ഇത്രയുമാണ് ലഭ്യമായ വീഡിയോയിലെ ദൃശ്യങ്ങള്‍.ഇതിന്റെ വിശ്വാസ്യത എത്ര മാത്രമാണെന്ന് നമ്മള്‍ പോതുജനത്തിനറിയില്ല. ഇനി ഇതിലും വല്ല ക്രുത്രിമത്വമുന്ദൊ എന്നറിയണമെങ്കില്‍ അടുത്ത വിവരാവകാശം തേടി പോകേണ്ടി വരും.

എന്നാല്‍ ഈ വാര്‍ത്ത ഇന്നലെ മനോരമ ചാനല്‍ പുറത്തു വിട്ടതിനു ശേഷം അമൃതയെ വാഴ്ത്തിപ്പാടിയ അതേ ജനം തലോടിയ കൈ കൊണ്ടു തന്നെ ദാരുണമായി തല്ലുന്നത് കണ്ടപ്പോള്‍ സഹതാപം മാത്രമാണ് തോന്നിയത്. അമൃതയെ ക്കുറിച്ച്ചോര്‍ത്തല്ല - മറിച്ച് നമ്മുടെ മലയാളി സമൂഹത്തെക്കുറിച്ച്ചോര്ര്ത്. പുരുഷാധിപധ്യതിന്റെ ഫണം മറ നീക്കി പുറത്തു വരുന്നതിന്റെ ലക്ഷണമായാണ് എനിക്ക് തോന്നിയത്. അസഹിഷ്ണുത - തങ്ങള്‍ പെന്നുങ്ങളേക്കാള്‍ ഒരിക്കലും ചെറുതല്ല - ചെറുതാക്കാന്‍ പറ്റില്ല എന്ന ഓരോ അഭ്യസ്ത വിദ്യന്റെ പോലും ചിന്ത മാത്രമാണിവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. പുരുഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചുവത്രേ. ഭേഷ്!

അവിചാരിതമായി തനിക്കു ലഭിച്ച ഒരു പ്രശംസയിലൂടെ അമൃത അറിഞ്ഞാനെങ്കിലും അല്ലെങ്കിലും പൂവാലന്മാര്‍ക്ക് "പെണ്ണ്ങ്ങളോട് കളിക്കുന്നതിനി സൂക്ഷിച് വേണം" എന്ന താക്കീതിനെ നിര്‍വീര്യമാക്കുന്നതായിപ്പോയി ഈയൊരു വിവരാവകാശ വാര്‍ത്ത! പ്രത്യേകിച്ചും സ്ത്രീ പീഡനങ്ങള്‍ അനുദിനം വാശിയോടെ നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഈയൊരു വിവരാവകാശ വാര്‍ത്ത ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വന്തം വീട്ടിലും അമ്മയും, പെങ്ങളും, ഭാര്യയും, മകളുമൊക്കെ ഉണ്ടെന്നു ഒരു നിമിഷം ചിന്തിക്കുന്ന ആരും കാള പെറ്റെന്നു കേട്ടയുടനെ ഇങ്ങനെ കയറുമെടുത്തുകൊണ്ട് കലിയോടെ ഓടില്ല - വിവരദോഷികളല്ലാതെ!!

Wednesday, June 6, 2012

മാറുന്ന കുപ്പായം....


ഞാനൊരു ക്രിക്കറ്റ് ആരാധകനല്ല. കളിയോട് വിരോധമൊന്നുമില്ല. വല്ലപ്പോഴും കാണാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യ - പാക്‌ ഏകദിന ഫൈനലുകള്‍ - അത്രമാത്രം.

ചെറുപ്പ കാലം തൊട്ടു കേട്ടു ശീലിച്ചതു കൊണ്ടോ മറ്റോ ആണെന്നു തോന്നുന്നു അന്നും, ഇന്നും എന്റെ മനസ്സിലെ താരങ്ങള്‍ കപില്‍ദേവ്, ഗാവസ്കര്‍, രവി ശാസ്ത്രി, ചേതന്‍ ശര്‍മ, ശ്രീകാന്ത് തുടങ്ങിയവരാണ്. പിന്നെപ്പിന്നെ സച്ചിന്‍ എന്ന പേരും ഉയര്‍ന്നു വന്നു.

സായിപ്പ് അവരുടെ നാട്ടിലെ കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാനും, ശരീരം ചൂടാക്കാനും ഉള്ള ഉപാധികളിലൊന്നായി കണ്ടു പിടിച്ച
വലിയ ലോജിക് ഒന്നുമില്ലാത്ത  ഈ കളി, വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും വേനലിന്റെ പിടിയിലമരുന്ന മൂന്നാം ലോക ഉഷ്ണ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക,  ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തിയതെങ്ങനെയാണാവോ ? വേനലിന്റെ തീഷ്ണതയില്‍ കൊടും വെയിലത്ത് ഒരു പന്തിന്റെ പിന്നാലെ കുറെ പേര്‍ പായുന്ന ഈ ഏര്‍പ്പാടിന് ഇന്ന് കാണുന്ന പത്രാസും, ആഡംബരത്വവുമൊക്കെ എങ്ങനെ കൈ വന്നു എന്നതും ഇവിടെ പ്രസക്തമല്ല.

എന്റെ വിഷയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത് ശരിയോ എന്നുള്ളതാണ്.


ലോകം അറിയുന്ന, സല്‍സ്വഭാവത്തിന്നുടമയായ തലക്കനമില്ലാത്ത ഒരുത്തമ ക്രിക്കറ്റ് കളിക്കാരന്‍, മാന്യന്‍, ശത സെഞ്ച്വറിക മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ ടെസ്റ്റു ക്രിക്കറ്റില്‍ തികച്ച ഒരേയൊരു കളിക്കാരന്‍, ക്രിക്കറ്റ് പ്രേമികളുടെ അഭിമാനം, ഇന്ത്യയുടെ യശസ്സ് ലോകജനതക്കു മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ - താന്‍ ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്ന തായിപ്പോയി ഈയൊരു പ്രവൃത്തിയിലൂടെ ചെയ്തത് എന്നേ ഞാന്‍ പറയൂ. ഇനി മുതല്‍ സച്ചിനും ഒരു രാഷ്ട്രീയക്കാരന്റെ നിലവാരമേ ആളുകള്‍ കല്‍പ്പിക്കൂ എന്ന് തോന്നുന്നു.

തന്റെ ലോകം ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടും, കഴിവില്‍ വിശ്വാസമുള്ളതിനാലും, ആരാധകരുടെ സഹകരണവും കൊണ്ടാണല്ലോ സച്ചിന്‍ എന്ന പ്രതിഭാസം ഇതു വരെ ശ്രദ്ധാകേന്ദ്രമായി നില കൊണ്ടത്. കൊയ്തെടുത്ത നേട്ടങ്ങളൊന്നും പോരാ, ഇനി ഒരു രാജ്യസഭാംഗം എന്ന പേരില്‍ ചുളുവില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളിലേക്ക് കൂടി നോട്ടം വച്ചു എന്നത് കൊണ്ട് മാത്രം സച്ചിന്റെ വില വളരെ കുറഞ്ഞു പോയി. പകരം, ഈ ബഹുമതി സന്തോഷ പൂര്‍വ്വം നിരസിച്ചിരുന്നെങ്കില്‍ സച്ചിന്റെ മഹിമ ഉയര്‍ന്നേനെ.

പഴയ കളിക്കാരൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നാം കാണുന്നു. സച്ചിനോ ?

വെറുതെ കിട്ടിയാല്‍ വൈക്കോലും കൊള്ളാം...

ഇനി അതല്ല, തന്റെ കഴിവുകള്‍ രാഷ്ട്ര സേവനത്തിനായി ശേഷിച്ച കാലം വിനിയോഗിക്കാനാണ് സച്ചിന്‍ ഉദ്ദേശിച്ചതെങ്കില്‍ എന്റെ വാക്കുകളെ ഞാന്‍ തള്ളിക്കളയുന്നു