Wednesday, June 6, 2012

മാറുന്ന കുപ്പായം....


ഞാനൊരു ക്രിക്കറ്റ് ആരാധകനല്ല. കളിയോട് വിരോധമൊന്നുമില്ല. വല്ലപ്പോഴും കാണാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യ - പാക്‌ ഏകദിന ഫൈനലുകള്‍ - അത്രമാത്രം.

ചെറുപ്പ കാലം തൊട്ടു കേട്ടു ശീലിച്ചതു കൊണ്ടോ മറ്റോ ആണെന്നു തോന്നുന്നു അന്നും, ഇന്നും എന്റെ മനസ്സിലെ താരങ്ങള്‍ കപില്‍ദേവ്, ഗാവസ്കര്‍, രവി ശാസ്ത്രി, ചേതന്‍ ശര്‍മ, ശ്രീകാന്ത് തുടങ്ങിയവരാണ്. പിന്നെപ്പിന്നെ സച്ചിന്‍ എന്ന പേരും ഉയര്‍ന്നു വന്നു.

സായിപ്പ് അവരുടെ നാട്ടിലെ കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാനും, ശരീരം ചൂടാക്കാനും ഉള്ള ഉപാധികളിലൊന്നായി കണ്ടു പിടിച്ച
വലിയ ലോജിക് ഒന്നുമില്ലാത്ത  ഈ കളി, വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും വേനലിന്റെ പിടിയിലമരുന്ന മൂന്നാം ലോക ഉഷ്ണ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക,  ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തിയതെങ്ങനെയാണാവോ ? വേനലിന്റെ തീഷ്ണതയില്‍ കൊടും വെയിലത്ത് ഒരു പന്തിന്റെ പിന്നാലെ കുറെ പേര്‍ പായുന്ന ഈ ഏര്‍പ്പാടിന് ഇന്ന് കാണുന്ന പത്രാസും, ആഡംബരത്വവുമൊക്കെ എങ്ങനെ കൈ വന്നു എന്നതും ഇവിടെ പ്രസക്തമല്ല.

എന്റെ വിഷയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത് ശരിയോ എന്നുള്ളതാണ്.


ലോകം അറിയുന്ന, സല്‍സ്വഭാവത്തിന്നുടമയായ തലക്കനമില്ലാത്ത ഒരുത്തമ ക്രിക്കറ്റ് കളിക്കാരന്‍, മാന്യന്‍, ശത സെഞ്ച്വറിക മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ ടെസ്റ്റു ക്രിക്കറ്റില്‍ തികച്ച ഒരേയൊരു കളിക്കാരന്‍, ക്രിക്കറ്റ് പ്രേമികളുടെ അഭിമാനം, ഇന്ത്യയുടെ യശസ്സ് ലോകജനതക്കു മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ - താന്‍ ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്ന തായിപ്പോയി ഈയൊരു പ്രവൃത്തിയിലൂടെ ചെയ്തത് എന്നേ ഞാന്‍ പറയൂ. ഇനി മുതല്‍ സച്ചിനും ഒരു രാഷ്ട്രീയക്കാരന്റെ നിലവാരമേ ആളുകള്‍ കല്‍പ്പിക്കൂ എന്ന് തോന്നുന്നു.

തന്റെ ലോകം ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടും, കഴിവില്‍ വിശ്വാസമുള്ളതിനാലും, ആരാധകരുടെ സഹകരണവും കൊണ്ടാണല്ലോ സച്ചിന്‍ എന്ന പ്രതിഭാസം ഇതു വരെ ശ്രദ്ധാകേന്ദ്രമായി നില കൊണ്ടത്. കൊയ്തെടുത്ത നേട്ടങ്ങളൊന്നും പോരാ, ഇനി ഒരു രാജ്യസഭാംഗം എന്ന പേരില്‍ ചുളുവില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളിലേക്ക് കൂടി നോട്ടം വച്ചു എന്നത് കൊണ്ട് മാത്രം സച്ചിന്റെ വില വളരെ കുറഞ്ഞു പോയി. പകരം, ഈ ബഹുമതി സന്തോഷ പൂര്‍വ്വം നിരസിച്ചിരുന്നെങ്കില്‍ സച്ചിന്റെ മഹിമ ഉയര്‍ന്നേനെ.

പഴയ കളിക്കാരൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നാം കാണുന്നു. സച്ചിനോ ?

വെറുതെ കിട്ടിയാല്‍ വൈക്കോലും കൊള്ളാം...

ഇനി അതല്ല, തന്റെ കഴിവുകള്‍ രാഷ്ട്ര സേവനത്തിനായി ശേഷിച്ച കാലം വിനിയോഗിക്കാനാണ് സച്ചിന്‍ ഉദ്ദേശിച്ചതെങ്കില്‍ എന്റെ വാക്കുകളെ ഞാന്‍ തള്ളിക്കളയുന്നു