സുന്ദരിയായൊരു പെണ്ണും നിങ്ങളും മാത്രമുള്ള ഒരു ലിഫ്റ്റ് (elevator) താഴോട്ടോ, മേലോട്ടോ ഉള്ള
യാത്രയില്‍ തകരാറായി ഇടയിലെവിടെയോ പെട്ടന്നു നിന്നു പോകുന്നത് ഇന്ത്യന്‍ സിനിമയില്‍ മാത്രമേ കാണാനൊക്കൂ!
യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊന്നു സ്വപ്നം കണ്ടാല്‍ മാത്രം മതിയാവും.
പറഞ്ഞു വരുന്നത് പക്ഷേ അതിനെക്കുറിച്ചൊന്നുമല്ല.
അന്നൊരുനാള്‍ ജോലി കഴിഞ്ഞു മടങ്ങവേ പതിനൊന്നാം
നിലയിലേക്കു വിളിച്ച ലിഫ്റ്റില്‍ കയറി G അമര്‍ത്തിയ അയാള്‍ക്ക് ഓക്കാനം വന്നു. ഏതോ
മുഷിഞ്ഞു നാറിയ ആള്‍ കയറിയിറങ്ങിയതിന്റെ ഫലം....അയാളുടെ ചീഞ്ഞ വിയര്‍പ്പിന്റെയും,
ശ്വാസത്തിന്റെയും ഗന്ധം ലിഫ്റ്റിലാകെ നിറഞ്ഞു നിന്നിരുന്നു. അപ്പോഴേക്കും പക്ഷേ ലിഫ്റ്റ് ഇറങ്ങിത്തുടങ്ങിയിരുന്നു.
അയാള്‍ മൂക്ക് പൊത്തി.
എഴില്‍ ഒന്ന് നിന്നു...രണ്ടാളുകള്‍ കയറി. കയറിയ രണ്ടു പേരും അയാളെ
ഒന്ന് നോക്കി...കൈവിരലുകള്‍ യാന്ത്രികമായി മൂക്ക് പൊത്തിക്കൊണ്ട് അവജ്ഞ്ചയോടെ!
കൈ മൂക്കില്‍
നിന്നും മാറ്റിക്കൊണ്ട് ഇളിഭ്യനായി അയാള്‍ നിന്നു. താഴെ എത്തിയതും, വാതില്‍
തുറന്നതും പിറകെ കയറിയ രണ്ടു പേരും രക്ഷപ്പെടുകയായിരുന്നു.
ഇന്നിതാ വീണ്ടും
ഒരവസരം.... ജോലി കഴിഞ്ഞ് പതിനൊന്നാം നിലയില്‍ ലിഫ്റ്റിനായി വിരലമര്‍ത്തി അയാള്‍ കാത്തു നില്‍ക്കയാണ്.
എത്തിയതും കയറി G അമര്‍ത്തി. വാതിലടഞ്ഞു ലിഫ്റ്റ് താഴേക്കു നീങ്ങിത്തുടങ്ങിയതും അയാള്‍ക്ക്
തൊട്ടു മുമ്പെ ഏതോ ഒരു പാപി കയറിയിറങ്ങി തന്റെ ശരീരദുര്‍ഗ്ഗന്ധം ഉപേക്ഷിച്ച ആ കൊച്ചു
മുറിയില്‍ പെട്ടന്നയാള്‍ ഉണര്‍ന്നു.
തന്റേതല്ലാത്ത കുറ്റത്തിന് ഇനിയും
മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനാവാന്‍ വയ്യ.
ഉടനെ
തന്നെ ലിഫ്റ്റ് ഇടയിലൊരു നിലയില്‍ നിര്‍ത്തി അയാള്‍ ധൃതിയില്‍ പുറത്തിറങ്ങി.
പിന്നെ മറ്റൊരു ലിഫ്റ്റിനായി
വിരലമര്‍ത്തി കാത്തിരുന്നു.
***********
No comments:
Post a Comment