കോഴിക്കോട്ടുനിന്നും ബാംഗ്ലൂര്‍ വരെ ഒരു സെല്‍ഫ് കാര്‍ ഡ്രൈവ് എന്റെ അജണ്ടയിലുണ്ടായിരുന്നേയില്ല- തികച്ചും യാദൃശ്ചികമായി കാര്യങ്ങള്‍ അതിലേക്കു വന്നു ഭവിക്കുകയാണുണ്ടായത്.
കാര്യങ്ങള്‍ എന്നു പറയുമ്പോള്‍ നമ്മള്‍ മലയാളികളുടെ നിസ്സംഗത, കാര്യങ്ങളെ വളരെ നിസ്സാരവല്‍ക്കരിക്കുന്ന പ്രവണത, അലംഭാവം - ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ കുതിരവട്ടം പപ്പു പറഞ്ഞതു പോലെ :
"....പ്പ ശര്യാക്കിത്തരാം...." എന്ന ഓവര്‍ കോണ്‍ഫിഡന്‍സ്.
വരാമെന്നേറ്റ ഡ്രൈവര്‍ ഒരു മണിക്കൂര്‍ നേരം വെറുതേ കാത്തിരുപ്പിച്ച ശേഷം വിളിച്ചു പറയുന്നൂ,
"....ഒരു സുഹൃത്തിന്റെ ചേട്ടനെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകാനുണ്ട്, ഉച്ച വരെ വരാനൊക്കില്ല..."
പിന്നെ വൈകിയില്ല, വള്ളിക്കുന്നിലെ വീട്ടില്‍ നിന്നും വണ്ടിയെടുത്ത് നേരെ കോഴിക്കോട്ടു ചേട്ടന്റെ വീട്ടിലേക്ക് - "ഹലോ ഡ്രൈവേഴ്സില്‍" വിളിച്ചാല്‍ ഇഷ്ടം പോലെ ഡ്രൈവര്‍മാരെ കിട്ടും എന്ന ചേട്ടന്റെ ഉറപ്പു കേട്ടുകൊണ്ട്.
കോഴിക്കോട്ടെത്തിയതും വിളിച്ചു...
".....ഹല്ലോ ഡ്രൈവേഴ്സ് അല്ലേ?...."
"....അതെ..."
"....ബാംഗ്ലൂര്‍ വരെ പോകാന്‍ ഒരു ഡ്രൈവറെ വേണ്ടിയിരുന്നു...."
"....എന്നത്തേക്കാണ്?..."
"....ഇന്ന്, ഇപ്പോള്‍ പോകാനാണ്...."
"....ഇപ്പോള്‍ ഇല്ല....."
"....താങ്ക്സ്...." , എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. പിന്നെ ഒട്ടും വൈകിയില്ല,
പെട്ടിയും, കുറെ തേങ്ങയും ഒക്കെയെടുത്ത് കാറില്‍ കയറ്റി ഞങ്ങള്‍ - ഭാര്യ, മകള്‍, മകന്‍, ഞാന്‍ - 11 മണിക്ക് കാരപ്പറമ്പില്‍ നിന്നും യാത്ര തുടങ്ങി. മലാപ്പറമ്പ്, കുന്നമംഗലം, കൊടുവള്ളി, കല്‍പ്പറ്റ, അടിവാരം, താമരശ്ശേരി ചുരം, ഗുണ്ടല്‍പെട്ട്, മൈസൂര്‍, വഴി.... ബാംഗ്ലൂര്‍ക്ക്.
സുല്‍ത്താന്‍ ബത്തേരി എത്തിയപ്പോള്‍ സമയം 1:30 മണിയായി എന്നതുകൊണ്ടും, ഇനി മൈസൂര്‍ എത്തുമ്പോഴേക്കും സമയം അതിക്രമിക്കും എന്നതുകൊണ്ടും ഭാര്യയുടെ സജെഷന്‍:
"നമുക്ക് ഭക്ഷണം കഴിച്ചിട്ടു പോകാം".
***********
വലിയ പെരുന്നാള്‍ ദിനമായിരുന്നതുകൊണ്ട് പ്രിയസുഹൃത്ത് നസീര്‍ രാവിലെ തന്നെ കൊണ്ട് വന്ന ചൂട് പുട്ടും കോഴിക്കറിയും വേണ്ടുവോളം തട്ടിയിരുന്നു.
ഒപ്പം ഏടത്തിയമ്മയുടെ ചെറുപയര്‍ കറിയും, പഴം പുഴുങ്ങിയതും - അതിനാല്‍ വിശപ്പ് എന്നെ തീരെ പിടി കൂടിയിരുന്നില്ല.
************
ഇപ്പോള്‍ കഴിക്കണോ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും അത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും, വില കുറഞ്ഞതുമായ ഒരു കാര്യവുമായിപ്പോകില്ലേ എന്ന ചിന്തയാല്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹോട്ടലില്‍ കയറി.
മക്കളും ഭാര്യയും കോഴി ബിരിയാണിയും, ഈയുള്ളവന്‍ ഊണും ഓര്‍ഡര്‍ ചെയ്തു. ആവശ്യത്തിലധികം ചോറും, പിന്നെ ബിരിയാണികളുടെ പരമ്പരയുടെ പുനപ്രേക്ഷണമായതിന്റെ ക്ഷീണവും കാരണം മക്കള്‍ക്കും ഭാര്യക്കും പോളിംഗ് വേണ്ടത്ര പോര. ഊണിനാണെങ്കില്‍ സ്വാദ് തീരെ കുറവ്. മൊത്തത്തില്‍ ഒരു വേണ്ടായ. പാര്‍സല്‍ ചെയ്തെടുക്കാമെന്ന് മകള്‍ -
"....വേണ്ട, എത്തുമ്പോഴേക്കും ചീത്തയായിപ്പോകും..." എന്ന് ഞാന്‍.
നൂറിന്റെ ഏതാനും നോട്ടുകള്‍ നഷ്ടമായത് മാത്രം മിച്ചം. എങ്കിലും ഭാര്യയും മക്കളും ഹാപ്പി.
സമയം 2:10. ബത്തേരിയില്‍ നിന്നും യാത്ര തുടര്‍ന്നു. വഴിയില്‍ ചുരത്തിന്റെ ഏറ്റവും മുകളിലെത്തുമ്പോള്‍ കാര്‍ നിര്‍ത്തണമെന്ന മക്കളുടെ മുന്‍കൂട്ടിയുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ വേണ്ടി അല്‍പനേരം നിര്‍ത്തി - മക്കളുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി വളരെ പെട്ടന്ന് തന്നെ തിരികെ കാറില്‍ കയറാനോരുങ്ങുമ്പോള്‍ ഭാര്യ:
"ഇത്ര വേഗം കഴിഞ്ഞോ? ഞാനൊന്നു റെഡിയായി ഇറങ്ങാനൊരുങ്ങുകയായിരുന്നു...
"Bi, we are getting late...ബാന്ഗ്ലൂരെത്ത്യാല്‍ നിയ്ക്ക് ശരിക്ക് വഴ്യറ്യൂലാന്നറ്യാലോ........ഇരുട്ടുമ്പോഴേക്കവിട്യെത്തണം.."
അങ്ങനെ യാത്ര തുടര്‍ന്നു. കാട്ടിലെത്തുന്നതിനും എത്രയോ മുന്നേ തന്നെ മകന്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നൂ,
"നമ്മള്‍ അനിമല്‍സിനെ കാണ്വോ അച്ഛാ..."
"...പിന്നേ... തീര്‍ച്ചയായും... "
അവനെ ഒന്ന് ഉഷാറാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.
പിന്നീടങ്ങോട്ട് മകന്‍ ഇടത്തോട്ടും, മകള്‍ വലത്തോട്ടും കണ്ണ് കൂര്‍പ്പിച്ചിരിപ്പായിരുന്നു. കൂട്ടത്തില്‍ ഞാനും. കാര്‍ നല്ല വേഗത്തിലാണ്. ഇടയ്ക്കെങ്ങോ മകള്‍:
"സ്റ്റോപ്പ്..... ദാ മാന്‍" എന്ന് പറഞ്ഞെങ്കിലും തമാശയെന്ന് കരുതി ഞാന്‍ നിര്‍ത്താതെ വിട്ടു.
" I swear അച്ഛാ" എന്നവള്‍...
പക്ഷെ അപ്പോഴേക്കും കാര്‍ കുറേ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. തിരിച്ചു വരാനുള്ള വിമ്മിഷ്ടം, സമയനഷ്ടത്തെക്കുറിച്ചുള്ള ബോധം എന്നിവ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
മകന്‍ പരാതി പറഞ്ഞു...
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഇത്തവണ മകന്റെ ഊഴമായിരുന്നു. അവന്‍ വലിയ ഒരു മാനിനെ കണ്ടത്രെ!
പക്ഷെ കാര്‍ വളരെ വേഗത്തിലായിരുന്നതുകൊണ്ടിത്തവണയും എനിക്ക് സമയത്തിന് നിര്‍ത്താനായില്ല.മൈസൂര്‍ പിന്നിടുക എന്നത് മാത്രമായിരുന്നൂ എന്റെ ഉടനെയുള്ള ലക്‌ഷ്യം.
മകന്‍ എന്തൊക്കെയോ പരിതപിക്കുന്നുണ്ടായിരുന്നു. റെഡിയായി ഫോക്കസ് ചെയ്ത ക്യാമറയില്‍ പകര്‍ന്നത് മാനിനു പകരം പശുവായത് മിച്ചം.
മൈസൂരിലേക്കുള്ള റോഡിലൂടെ ഓടിച്ചു പോകുമ്പോള്‍, പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബസില്‍ എക്സ്കര്ഷന്‍ പോയപ്പോള്‍ രസികനായ ഒരധ്യാപകന്‍ - കിലോമീറ്ററോളം നീളത്തില്‍ വളവുകളില്ലാതെ നേരെ നീണ്ടുകിടക്കുന്ന റോഡു കണ്ടിട്ട് -
"...സ്ട്രെയിറ്റ് റോഡ്...സ്ട്രെയിറ്റ് റോഡ്...."
എന്ന് സ്വതവേയുള്ള അദ്ധേഹത്തിന്റെ കിളിനാദത്തില്‍ പറഞ്ഞപ്പോള്‍ ഞങ്ങളൊക്കെ ചിരിച്ച കഥ പറഞ്ഞുകൊണ്ട് വണ്ടി പൊയ്ക്കൊണ്ടിരുന്നു.
വഴിയില്‍ തോട്ടത്തില്‍ നിന്നും മലക്കറികള്‍ പറിച്ചു കൊണ്ട് വന്നു റോഡരികില്‍ വില്‍പ്പന നടത്തുന്ന കൃഷിക്കാര്‍. പുത്തന്‍ പച്ചക്കറികള്‍ കണ്ടപ്പോള്‍ ഭാര്യയുടെ ഹൃദയം ത്രസിച്ചു. അവളുടെ ആഗ്രഹം എല്ലാവരുടെയും ആവശ്യത്തിനും കൂടി വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വണ്ടി ഓരത്ത് നിര്‍ത്തി. തക്കാളിയും, വെണ്ടക്കയും, പയറും, മത്തനും, ഒക്കെ കുറേശ്ശെ വാങ്ങി.
അപ്പോഴേക്കും മക്കള്‍ കാറില്‍നിന്നിറങ്ങി ഒരു ഫോട്ടോ സെഷന്‍ കഴിഞ്ഞിരുന്നു.
യാത്ര തുടര്‍ന്നു.
വഴി തെറ്റാതെ മൈസൂര്‍ ഒരു വിധം കടന്ന് സില്‍ക്ക് റോഡില്‍ പ്രവേശിച്ചു. വളവുകളില്ലാത്ത റോഡിലൂടെയും പിന്നെ സില്‍ക്ക് റോഡിലൂടെയും ആത്യാ വശ്യം നല്ല സ്പീഡില്‍ തന്നെ ഓടിച്ചിരുന്നു.
ഹൈവേയിലൂടെ ഓടിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇന്ത്യയിലെവിടെയും വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. മറി കടക്കുന്ന വാഹനങ്ങള്‍ വലതു വശത്തുകൂടെ വേണം മറി കടക്കാന്‍. എന്നാല്‍ ഇന്ത്യന്‍ ഹൈവേകളില്‍ നിയമം വാഹനങ്ങളിലെ വിവരമില്ലാത്ത, അഹങ്കാരികളായ ഡ്രൈവര്‍മാരുടേതാണ് എന്ന് തോന്നുന്നു. വലതു ഭാഗം ചേര്‍ന്നേ അവിടെ വണ്ടികള്‍ - വേഗത്തിലോടുന്നതോ മറിച്ചോ ഉള്ളവ - ഓടൂ...മറി കടക്കേണ്ട വാഹങ്ങള്‍ പിറകില്‍ നിന്നും ഹോണ്‍ മുഴക്കിയിട്ടൊരു കാര്യവുമില്ല. ആരും മാറിത്തരില്ല.
പകരം വേഗത്തില്‍ പോകേണ്ടവര്‍ ഇടതു ഭാഗത്ത് കൂടെ മറി കടക്കേണ്ട ഗതി കേടാണ്.
ഗള്‍ഫു നാടുകളില്‍ വണ്ടിയോടിച്ചു പരിചയിച്ചവര്‍ക്കാണെങ്കില്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇത്തരം വണ്ടി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യം വരിക സ്വാഭാവികം.
എങ്ങനെയെങ്കിലും ബംഗ്ലൂര്‍ സിറ്റിയില്‍ രാത്രി 7 മണിയോടെ പ്രവേശിച്ചു.
ഇനിയാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ഒരു റോഡ് മാറിപ്പോയാല്‍ സമയം വളരെ നഷ്ടമാകും. നിര്‍ത്തി നിര്‍ത്തി ആളുകളോട് വഴി ചോദിച്ചാണ് മുന്നേറിയത്. എന്നിട്ടും ഒന്ന് രണ്ടു തവണ റോഡു മാറിപ്പോയി.
സിറ്റിയിലൊരിടത്ത് ഒരു പോലീസുകാരനോടാണവസാനമായി വഴി ചോദിച്ചത്.
"....MG road please....."
ചോദിക്കേണ്ട താമസം, വളരെ ശുഭാപ്തി വിശ്വാസത്തോടെ അദ്ധേഹം:
"....LEFTER from the circle and then second RIGHTER...and straight..."
"Thank you...."
ഇതാണ് എനിക്ക് ബാംഗ്ലൂര് പോലീസുകാരോടുള്ള പ്രിയം. Respect to the public. നമ്മുടെ പോലീസുകാര്‍ക്കില്ലാത്തതും അതാണ്.
ഭാര്യ പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയിരുന്നു.
വളരെ വ്യക്തം .... എത്ര സിമ്പിള്‍ ആയി, കൃത്യമായി വഴി പറഞ്ഞു തന്നൂ ആ പോലീസുകാരന്‍...
I still love Bangalore police..... ഞാന്‍ ഭാര്യയോടു പറഞ്ഞു.
ഭാര്യ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
പെട്ടന്നാണെനിക്ക് സംശയം തോന്നിയത്.
LEFTER - RIGHTER എന്നത് പോലീസുകാരുടെ മാത്രം പ്രയോഗമോ അതോ ഇംഗ്ലീഷില് അങ്ങനെയുള്ള പ്രയോഗങ്ങള്‍ ട്രാഫിക്കില്‍ ഉപയോഗിക്കാറുണ്ടോ?
ഭാര്യക്ക് ചിരിയടക്കാനാവുന്നില്ല.
കാര്യം പോടുന്നനെയാണെന്റെ മനസ്സിലേക്ക് വന്നത്. വളരെ മുമ്പ് തന്നെ ഈ കാര്യത്തെക്കുറിച്ച് ചര്ച്ചയുണ്ടായതാണ്.
പോലീസുകാരന്‍ പറഞ്ഞത് lefter...righter...എന്നല്ല... മറിച്ചു് left turn ....right turn എന്നാണ്!!! പക്ഷേ അദ്ധേഹം അത് ഉച്ചരിച്ചത് ".....ലെഫ്റ്റ് ടര്‍ണ്‍.....റൈറ്റ് ടര്‍ണ്‍.........". കര്‍ണ്ണാടകയില്‍ പൊതുവെ ആളുകള്‍ 'R' silent ആകേണ്ടിടത്ത് അതിനു ഉച്ചാരണം നല്‍കുക പതിവാണ്.
(ഒരിക്കലും ഒരു ആക്ഷേപമായി ഇതിനെ ഞാന്‍ കാണുന്നില്ലാ ട്ടോ...)
ഹോ!! ന്നാലും ഈ "ടര്‍ണ്‍" പ്രയോഗം ഇത്ര തീവ്രമാണെന്നറിഞ്ഞിരുന്നില്ല!!
ഇപ്പോള്‍ മക്കള്‍ രണ്ടുപേരും അമ്മയോടൊപ്പം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി...ഒപ്പം ഞാനും...
അതിനിടയില്‍ വണ്ടി വീട്ടിലെത്തിയതറിഞ്ഞില്ല.